ന്യുഡല്‍ഹി: പശ്ചിമ ബംഗാളിലെ പൊതുവിതരണ സമ്പ്രാദായത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. ഈ മാസം 29ന് േചാദ്യം ചെയ്യലിന് ഹാജരാകാന്‍ ഷാജഹാന് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ഇന്നത്തെ പരിശോധന. കേന്ദ്ര സേനയുടെ അകമ്പടിയോടെയാണ് പരിശോധന പുരോഗമിക്കുന്നത്.
കഴിഞ്ഞ മാസവും ഈ കേസുമായി ബന്ധപ്പെട്ട് വിവിവിധ കേന്ദ്രങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഷാജഹാന്റെ സന്ദേശ്ഖാലിയിലെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ സമയം ഇ.ഡി ഉദ്യോഗസ്ഥരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമുണ്ടായി. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കേന്ദ്രസേനയുടെ പിന്‍ബലത്തിലാണ് പിന്നീട് പരിശോധന നടന്നത്.
റേഷന്‍ അഴിമതിയില്‍ മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ജ്യോതിപ്രിയ മല്ലിക്കിനെ കഴിഞ്ഞ ഒക്ടോബറില്‍ ഇ.ഡി അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഷാജഹാന് എവിടെയാണെന്ന് കണ്ടെത്താന്‍ ഇ.ഡിക്കോ പോലീസിനൊ കഴിഞ്ഞിട്ടില്ല.
സന്ദേശ്ഖാലിയിലെ ഭൂമി കുംഭകോണവും സ്ത്രീകള്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തിലും ഷെയ്ഖ് ഷാജഹാന് ആരോപണം നേരിടുന്നതിനിടെയാണ് ഇ.ഡി റേഷന്‍ അഴിമതിയിലും പിടിമുറുക്കുന്നത്.






