
ന്യുഡല്‍ഹി: റഷ്യയില്‍ ജോലിക്കായി എത്തി സൈനിക സേവനത്തിന് നിര്‍ബന്ധിക്കപ്പെടുന്ന ഇന്ത്യക്കാരെ കുറിച്ച് അറിവ് ലഭിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവരുടെ മോചനത്തിനായി റഷ്യന്‍ അധികൃതരുമായി ആശയവിനിമയം നടക്കുകയാണ്. 'ഏതാനും ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. അവരെ എത്രയും വേഗം മോചിപ്പിക്കുന്നതിന് റഷ്യയിലെ ഇന്ത്യന്‍ എംബസി അവിടെയുള്ള അധികാരികളുമായി ചര്‍ച്ച നടത്തിവരികയാണ്. എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും' വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞൂ.
റഷ്യയില്‍ ജോലി വാഗ്ദാനം അനുസരിച്ച് റഷ്യയില്‍ എത്തിയ ഒരു ഡസനോളം ഇന്ത്യക്കാരെ യുക്രൈനെതിരായ പോരാട്ടത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ കൂലിപ്പടയാളികളായി സേവനത്തിന് നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തൊഴില്‍ തട്ടിപ്പിനിരയായ ഇന്ത്യക്കാര്‍ തന്നെയാണ് ഇക്കാര്യം പുറത്തുപറഞ്ഞത്. യുക്രൈന് അതിര്‍ത്തിയിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നത്.
റഷ്യയില്‍ കുടുങ്ങിപ്പോയവരില്‍ ഹൈദരാബാദ് സ്വദേശിയായ സുഫിയാന്റെ കുടുംബമാണ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കൊപ്പം സഹായം തേടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറെ സമീപിച്ചത്.






