
കോട്ടയം: വെറും മൊട്ടുസൂചിയും സേഫ്റ്റിപിന്നും മാത്രം ഉപയോഗിച്ച് വമ്പന്‍ സ്‌പോര്‍ട്‌സ്‌ബൈക്ക് അടക്കം മോഷ്ടിക്കുന്ന ക്രിമിനലിനെ ഒടുവില്‍ പോലീസ് വിദഗ്ദ്ധമായി പൊക്കി. ചങ്ങനാശ്ശേരി വെളിയനാട് സ്വദേശി രാഹുല്‍രാജിനെ(23)യാണ് പോലീസ് അതിസാഹസീകമായി പിടികൂടിയത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ചു കടത്തുന്നതാണ് ഇയാളുടെ ഇഷ്ടം.
ചങ്ങനാശ്ശേരി മാമ്മൂട് പാലമറ്റത്തെ റബര്‍ തോട്ടത്തിനു നടുവിലെ ഒറ്റപ്പെട്ട വീട്ടില്‍ നിന്നുമായിരുന്നു പിടികൂടിയത്. തോട്ടത്തിന്റെ പല ഭാഗത്തായി നിലയുറപ്പിച്ചായിരുന്നു പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ഒരു മൊട്ടുസൂചി ഉപയോഗിച്ച് ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിയുന്ന വിദ്യ കയ്യിലുണ്ട്. ഹാന്‍ഡില്‍ ലോക്ക് പൊട്ടിച്ച് മുട്ടു സൂചിയുടെയോ സേഫ്റ്റി പിന്നിന്റെയോ സഹായത്തോടെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് കൊണ്ടുപോകും.
വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നായി ഒട്ടേറെ ബൈക്കുകളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. രാത്രി മോഷണത്തിനായി പുറത്തിറങ്ങുകയും പകല്‍ പാലമറ്റത്തെ തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട്ടില്‍ തങ്ങുകയും ചെയ്യും. കഴിഞ്ഞ ദിവസം പോലീസ് ഇവിടെയെത്തി പിടികൂടുകയായിരുന്ന. പോലീസിനെ കണ്ട് വീട്ടില്‍ നിന്നും ഇറങ്ങിയോടി. വലിയ കല്‍ക്കെട്ടുകള്‍ നിഷ്പ്രയാസം ചാടി കടന്നു. എന്നാല്‍ പ്രതിയുടെ വൈദഗ്ദ്ധം മുന്‍കൂട്ടി അറിയുമായിരുന്ന പോലീസ് തോട്ടത്തിന്റെ പലഭാഗത്ത് നിലകൊള്ളുകയായിരുന്നു. തുടര്‍ന്ന് ഓടിവന്ന പ്രതിയെ മറയത്തിരുന്ന പോലീസ് പൊക്കുകയും ചെയ്തു.
പൊലീസിനു എത്തിപ്പിടിക്കാന്‍ കഴിയാത്ത വേഗത്തിലാണ് ഓട്ടം. ഓടിച്ചിട്ട് പോലീസ് പിടിക്കാതിരിക്കാന്‍ ഇയാള്‍ വ്യായാമം ചെയ്ത് കായികക്ഷമത കൂട്ടിയെടുത്തിരുന്നു. അതുകൊണ്ടു തന്നെ ഒട്ടേറെ തവണ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാനും പ്രതിക്ക് കഴിഞ്ഞിരുന്നു. സോളര്‍ പോസ്റ്റിലൊക്കെ അനായാസം വലിഞ്ഞുകയറി ബാറ്ററിയും മോഷ്ടിച്ചിരുന്നു. റബര്‍ ഷീറ്റ്, നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളിലെ കേബിളുകള്‍ വയറുകള്‍ തുടങ്ങിയ സാധനങ്ങളും മോഷണ ലിസ്റ്റിലുണ്ട്. ഇയാളുടെ കൂട്ടുകാരും നിരീക്ഷണത്തിലാണ്.






