
മികച്ച പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഒരുപാട് താരങ്ങളുണ്ട്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ബാല താരമായി അഭിനയിച്ചു തുടങ്ങിയതാണെങ്കിലും സുപരിചിത താരമാകുന്നത് ചക്കപ്പഴത്തിലൂടെയാണ്. ചക്കപ്പഴത്തിലെ പൈങ്കിളിയായി എത്തി ശ്രുതി പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. അതിനു ശേഷം താരം സിനിമയിലും തിളങ്ങി. ഇതിനൊക്കെ പുറമേ വ്ളോഗര്‍, ആര്‍ജെ തുടങ്ങിയ മേഖലകളിലും ശ്രുതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ വിഷാദരോഗത്തെക്കുറിച്ചുള്ള ശ്രുതിയുടെ തുറന്നു പറച്ചിലും വാര്‍ത്തയായിരുന്നു. അതിനു ശേഷം താരം തന്റെ ചാനലിലൂടെ ഒരു ഗേ കപ്പിള്സിനെക്കുറിച്ച് പറഞ്ഞതും ചര്‍ച്ചകളില്‍ ഇടം നേടി. ഇപ്പോഴിതാ തന്റെ രോഗത്തെക്കുറിച്ചും തന്നെ ഫോളോ ചെയ്യുന്നവര്‍ സ്വാധീനിക്കുന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് താരം. ഒരു ഇന്ഫ്ലുവന്സറാകുമ്പോള് എത്രത്തോളം സോഷ്യല്‍ കമ്മിറ്റഡാകും എന്ന അവതാരകയുടെ ചോദ്യത്തിനാണ് ശ്രുതി മറുപടി പറയുന്നത്.
‘‘സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നമ്മള് അവര്‍ക്ക് ഐഡിയല്‍ ഫിഗറാണ്. അവരോടും നമ്മുടെ അഭിപ്രായങ്ങള്‍ തുറന്നു പറയേണ്ടതായുണ്ട്. എന്നെ കൃത്യമായി മനസ്സിലാക്കിയവരാരും അണ്‍സബ്സ്ക്രൈബ് ചെയ്തിട്ടില്ല...
ഗേ കപ്പിള്‍സിന്റെ കാര്യത്തിലാണെങ്കിലും എനിക്കൊരുപാട് വിഷമം തോന്നി. ഞാന്‍ അവര്‍ക്കു വേണ്ടി സംസാരിച്ചത് റീച്ചിനു വേണ്ടിയല്ല. എനിക്കൊരു മോളോ മോനോ ഉണെങ്കില്‍ അവര്‍ വേറൊരാളെ ജഡ്ജ് ചെയ്യുന്നത് എനിക്കിഷ്ടമല്ല. ഞാനവരെ അങ്ങനെ വളര്‍ത്തില്ല. ഞാന്‍ നന്നായി പറഞ്ഞിട്ടേ അവരെ വളര്‍ത്തുകയുള്ളൂ. അതായിരിക്കും എന്റെ പേരന്റ്ഹുഡ്. എന്റെ ഫോളോവേഴ്സിനെയും ഞാനങ്ങനെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ നെഗറ്റീവ് സംഭവം ഞാന്‍ പറയില്ല. ഞാനത് പറഞ്ഞത് അടുത്ത ജെനറേഷനു വേണ്ടിയാണ്. ഗേ കപ്പിളാണെങ്കിലും അവരും മനുഷ്യരല്ലേ. അതും നോര്‍മലായി കണ്ടു കൂടെ. നോര്‍മലൈസ് ചെയ്യാത്തതു കൊണ്ടാണ് ചിലരൊക്കെ ആത്മഹത്യ ചെയ്യുന്നത്. അല്ലെങ്കില്‍ ഡിപ്രഷനിലാകുന്നത്.
തന്റെ മകന് ഗേ ആണെന്ന് അറിഞ്ഞാല്‍ വീട്ടില്‍ നിന്ന് അച്ഛനും അമ്മയും ഇറക്കിവിട്ടാല്‍ പിന്നെ പത്തുമാസം ചുമന്നു എന്ന തരത്തിലുള്ള ബന്ധമൊക്കെ എവിടെ പോകും. മാതാപിതാക്കള്‍ തളര്‍ന്നു പോയാല്‍ അല്ലെങ്കില്‍ മാറാരോഗം വന്നാല്‍ ഈ പറയുന്ന ലെസിബിയനും ഗേയുമൊക്കെ കാണുകയുള്ളൂ. മക്കളും നോക്കാത്തവരുണ്ട്.
എങ്കിലും ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാള്‍ ഗേ ആണെങ്കിലും മോശം പറയുന്നത് ശരിയല്ല. അതുകൊണ്ടാണ് ഞാനെന്റെ ഫോളോവേഴ്സിനോട് എന്റെ മനസ്സിലെ അഭിപ്രായം പറഞ്ഞത്. എന്റെ മക്കളാണെങ്കിലും അങ്ങനെ ഒരാളെക്കുറിച്ച് പറയുന്നത് ഇഷ്ടമല്ല. നിന്റെ ഇഷ്ടം നിന്റെ വഴി എന്നു പറയുന്ന രീതിയാണ് എന്റെ മക്കളെ സ്നേഹിക്കുന്നതാണ് ഇഷ്ടം.
എനിക്കൊരു മകന് ഉണ്ടെങ്കില്‍ അവന് ഗേ ആണെന്നു കരുതി എനിക്കത്ര മാനസിക വിഷമം വരുമെന്ന് എനിക്കു തോന്നുന്നില്ല. അതവന്റെ ജീവിതമല്ലേ. എനിക്ക് 40 വയസ്സാകുമ്പോഴായിരിക്കും എന്റെ മകന് കല്യാണം കഴിക്കുക. അതു കഴിഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ പത്തു വര്‍ഷം ജീവിക്കുമായിരിക്കും. പക്ഷേ അതു കഴിഞ്ഞും ഒരു ജീവിതം മുഴുവന്‍ എന്റെ മക്കള്‍ക്ക് ഉള്ളതല്ലേ. അവരല്ലേ ജീവിക്കേണ്ടത്. ഞാനതില്‍ ഇടപെടില്ല...’’ ശ്രുതി പറയുന്നു.
വിഷാദരോഗത്തെക്കുറിച്ചും ശ്രുതി തുറന്നു പറയുന്നുണ്ട്. ‘‘പണ്ടേ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് ഞാന്‍ ചിന്തിക്കാറില്ല. എന്റെ വീട്ടുകാര്‍ എന്ത് ചിന്തിക്കുമെന്ന് പോലും ചിന്തിക്കാറില്ല. നമുക്കൊരു ഗട്ട് ഫീലിംഗ് ഉണ്ടാകുമല്ലോ. അതുകൊണ്ട് ചിലപ്പോള്‍ കുഴിയില്‍ പോയി ചാടാറുമുണ്ട്. ജോഷ് ടോക്കില്‍ വച്ചായിരുന്നു ഞാന്‍ തുറന്ന് പറഞ്ഞത്. എനിക്ക് വിഷാദരോഗമുണ്ടെന്ന് വീട്ടുകാര്‍ അറിയുന്നത് പോലും ഓപ്പണപ്പ് ആകുന്നതിന് കുറച്ച് ദിവസം മുമ്പ് മാത്രമാണ്. നീ തന്നെയങ്ങ് തീരുമാനിച്ചോ എന്ന് അവര്‍ ചോദിച്ചു. പക്ഷെ എനിക്കവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിക്കില്ലായിരുന്നു അന്ന്. ഞാനേ ഇത് ഫിഗര്‍ ഔട്ട് ചെയ്തു വരുന്നേയുള്ളൂ. കോളേജില്‍ ഫസ്റ്റ് പഠിക്കുമ്പോള്‍ ഒരു ഡോകട്റാണ് എനിക്ക് ഡിപ്രഷന് ആണെന്ന് ഡയഗ്നോസ് ചെയ്യുന്നത്.
എനിക്കും ആ ഡോക്ടര്‍ക്കും മാത്രമേ അറിയുകയുള്ളൂ. മൂന്ന് വര്‍ഷത്തോളം കഴിഞ്ഞ് ഒരു ദിവസം ഒരു പ്രശ്നം വളരെ ഗുരുതരമായി, ഞാന്‍ ബോധം കെട്ട് വീണു. സുഹൃത്തുക്കള്‍ എന്നെ എടുത്തു കൊണ്ടു പോയി. എനിക്ക് ബോധമുണ്ടായിരുന്നില്ല. എന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ആ സമയത്താണ് ഡോക്ടര്‍ അവരോട് പറയുന്നത്. അങ്ങനെയാണ് അവരൊക്കെ അറിയുന്നത്. അതോടെ ഞാന്‍ ഇന്‍സെക്യൂര്‍ ആയി. അതുവരെ വളരെ ബോള്‍ഡ് ആയൊരു ആളായിരുന്നു ഞാന്‍. അതുകഴിഞ്ഞപ്പോള്‍ ഇറ്റ്സ് ഫൈന്‍, സൗഹൃദത്തില്‍ ഒന്നും മറച്ചുവെക്കേണ്ടതില്ല എന്ന് ഞാന്‍ ചിന്തിച്ചു. അവരുള്ളതു കൊണ്ടാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്.
അന്നത്തെ എന്റെ ആശുപത്രി ബില്ല് കൊടുത്തതും അവരായിരുന്നു. അന്നത്തെ ദിവസം അവരുടെ മുഖത്തൊക്കെ അയ്യോ പാവം എന്ന ഭാവമായിരുന്നു. ഇനി അങ്ങനെ മുഖം വെക്കരുതെന്ന് ഞാന്‍ പറഞ്ഞു. എങ്കിലും ഞാന്‍ മുഴുവനായി തുറന്ന് പറഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വീട്ടില്‍ അറിയുന്നത്. പക്ഷെ നാട്ടുകാര്‍ എന്ത് പറയുമെന്ന് എന്റെ അച്ഛനും അമ്മയും ചിന്തിച്ചിരുന്നില്ല. എന്റെ പ്രശ്നം സൈക്കാര്ട്ടിസ്റ്റിനോട് സംസാരിക്കാന്‍ അറിയില്ല എന്നതായിരുന്നു.
വീട്ടുകാരോടും സുഹൃത്തുക്കളോടും പറയാന്‍ പറ്റാത്തൊരു കാര്യം എങ്ങനെയാണ് ആരാണെന്ന് പോലും അറിയാത്തൊരാളോട് പറയുക? പിന്നീട് മെഡിസിന് എടുക്കേണ്ടി വന്നിരുന്നു. പക്ഷെ ഞാനതിന് അടിമപ്പെട്ടുവെന്ന് ചിന്തിച്ചിട്ടില്ല. എപ്പോഴും ഞാന്‍ ഫൈറ്റ് ചെയ്ത് തിരികെ വരികയായിരുന്നു....’’ ശ്രുതി പറയുന്നു.






