
യുകെയിലെ ഒരു കോളേജിൽ നിന്ന് ബിരുദം നേടിയ യുവതിയുടെ വീഡിയോയാണ് അടുത്തിടെ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നത്. ആയുഷ്മാൻ ഖുറാന, ഇഷാ ഗുപ്ത തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് വീഡിയോയിൽ ആശംസകൾ പങ്കുവയ്ക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനായിരുന്നിട്ടും തന്നെ കഷ്ടപ്പെട്ട് ഉപരിപടനത്തിനയച്ച പിതാവിന് നന്ദിയറിയക്കുന്ന വീഡിയോയാണ് യുവതി പങ്കുവച്ചത്.
യുകെയിലെ പ്ലിമൗത്ത് സർവകലാശാലയിൽ പ്രവേശനം ലഭിച്ച മകളെ യാത്രയയക്കാൻ വിമാനത്താവളത്തിലെത്തിക്കുന്ന അച്ഛനെയും വീഡിയോയിൽ കാണാം. 'സെക്യൂരിറ്റി ജീവനക്കാരന് ഒരിക്കലും മകളെ വിദേശത്ത് ആയച്ച് പഠിപ്പിക്കാനാകില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. ഗ്രാജുവേഷൻ ഗൗണും തൊപ്പിയും ധരിച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങിക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
20 മില്യൺ കാഴ്ചകളാണ് വൈറലായ വീഡിയോയ്ക്ക് ലഭിച്ചത്. ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന 'സല്യൂട്ട്' ഇമോജിയിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. നടി, ഇഷ ഗുപ്തയും ആസംസകൾ അറിയിച്ചിട്ടുണ്ട്. "നിങ്ങളെ താഴെയിറക്കാൻ ശ്രമിക്കുന്നവരുടെ വാക്കുകൾ വിശ്വസിക്കരുത്," എന്നാണ് സോഷ്യൽ മീഡിയി ഇൻഫ്ലൂവൻസർകൂടിയായ നടൻ ഡോളി സിങ് കമന്റു ചെയ്തത്. സെലിബ്രിറ്റികളെ കൂടാതെ നിരവധി കാഴ്ചക്കാരാണ് പിതാവിനെയും മകളെയും പ്രശംസിച്ച് അഭിപ്രായങ്ങൾ അറിയിക്കുന്നത്.






