ന്യുഡല്‍ഹി: നോയിഡയില്‍ കാണാതായ കോളജ് വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ പോലീസ് മറനീക്കിയത് അരുംകൊലയുടെ ഉള്ളറയിലേക്ക്. ഒരു പാര്‍ട്ടിക്കിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന യുവാവിനെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി വയലില്‍ കുഴിച്ചിടുകയായിരുന്നു.
നോയിഡയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന യാഷ് മിത്തല്‍ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മുതല്‍ ഹോസ്റ്റലില്‍ നിന്ന് യാഷിനെ കാണാതായിരുന്നു. പിതാവ് ദീപക് മിത്തല്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. മകനെ മോചിപ്പിക്കാന്‍ ആറ് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
കാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, യാഷ് ഫോണില്‍ സംസാരിച്ചുകൊണ്ട് പുറത്തേക്ക് പോകുന്നതായി കണ്ടെത്തി. ഫോണ്‍വിളികളുടെ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ സുഹൃത്ത് രചിതിനെ കുറിച്ച് വിവരം ലഭിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ തനിക്കും സുഹൃത്തുക്കളായ ശിവം, സുശാന്ത്, ശുഭം എന്നിവര്‍ക്കുമൊപ്പമാണ് യാഷ് വന്നതെന്ന് രചിത് മൊഴി നല്കി.
ഉത്തര്‍പ്രദേശിലെ അമോറയിലെ ഒരു വയലില്‍ സംഘടിപ്പിച്ച പാര്‍ട്ടിയിലേക്ക് ഇവര്‍ യാഷിനെ കൂട്ടിക്കൊണ്ടുപോയി. നോയിഡയില്‍ നിന്നും 100 കിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. ആഘോഷത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വഴക്കിട്ടു. ഇതിനിടെ സംഘം യാഷിനെ കൊലപ്പെടുത്തി വയലില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. രചിത് കാണിച്ചുകൊടുത്ത സ്ഥലത്തുനിന്നും പോലീസ് മൃതദേഹം പുറത്തെടുത്തു.
സംഘത്തിലെ മറ്റ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലൂം ദാദ്രിയില്‍ ഏറ്റുമുട്ടലിലൂടെ പോലീസ് അവരില്‍ രണ്ട് പേരെ കീഴടക്കി. ഒരു പ്രതി മാത്രം ഇപ്പോഴും ഒളിവിലാണ്.
യാഷിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതെന്ന് സംഘം പോലീസിനോട് പറഞ്ഞു.






