
കൊച്ചി: ശ്വാസകോശത്തില്‍ കുടുങ്ങിയ പാറ്റയെ നീക്കം ചെയ്ത് രോഗിയെ രക്ഷിച്ചു. ഭക്ഷണ പദാര്‍ഥങ്ങളും മറ്റും ശ്വാസകോശത്തില്‍ കുടുങ്ങുന്നതു പതിവാണെങ്കിലും പാറ്റ ശ്വാസകോശത്തില്‍ വന്നുപെട്ടതാണ് ആശ്ചര്യകരമായത്. അങ്കമാലി സ്വദേശിയായ അമ്പതുകാരന്റെ ശ്വാസക്കോശക്കുഴലില് കുടുങ്ങിയ പാറ്റയെ ബ്രോങ്കോസ്കോപ്പിയിലൂടെ പുറത്തെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് കടുത്ത ശ്വാസംമുട്ടലുമായി രോഗിയെ എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ പരിശോധനയിലാണ് ഇടത്തേ ശ്വാസകോശത്തിലേക്കുള്ള ശ്വാസനാളിയില്‍ ഏതോ വസ്തു തടഞ്ഞിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ചീഫ് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ നടത്തി പരിശോധനയിലാണ് പാറ്റയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് റിജിഡ് ബ്രോങ്കോസ്കോപ്പിയിലൂടെ പാറ്റയെ പുറത്തെടുക്കുകയായിരുന്നു. നാലര സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു. ശ്വാസകോശനാളിപൂര്ണമായും അടഞ്ഞുപോയിരുന്നതിനാല് രോഗിക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴുത്തില്‍ തുളച്ച് (ട്രക്കിയോസ്റ്റമി)കുഴല്‍വഴി ശ്വാസമെടുക്കുന്ന രോഗിക്കാണ് പാറ്റ ദുരിതമായത്. അടപ്പുകൊണ്ട് അടച്ചുവച്ചിരുന്നതാണ് ട്രക്കിയോസ്റ്റമി ദ്വാരമെങ്കിലും അതുവഴിയായിരിക്കും പാറ്റ അകത്തുപോയതെന്നാണ് കരുതുന്നത്.






