
ന്യൂഡല്‍ഹി: പുതിയ 500, 1000 നോട്ടുകള്‍ അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡുമായി ഒരു മുന്‍ തീരുമാനവും എടുത്തിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. 2016 മെയ് ആദ്യം നടന്ന യോഗം 2000 ന്റെ പുതിയ നോട്ട് വിതരണത്തിന് അംഗീകാരം നല്‍കിയിരുന്നെങ്കിലൂം മെയ് യിലോ ജൂലൈ യിലോ, ആഗസ്റ്റിലോ ചേര്‍ന്ന ഒരു യോഗത്തിലും നോട്ട് അസാധുവാക്കലോ 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതോ സംബന്ധിച്ച ഒരു ചര്‍ച്ചയും സ്റ്റാന്റിംഗ് കമ്മറ്റി നടത്തിയിട്ടില്ലെന്ന് ഒരു ദേശീയ മാധ്യമത്തിനുള്ള വിവരാവകാശ രേഖയിലാണ് മറുപടി നല്‍കിയിട്ടുള്ളത്. 500, 1000 നോട്ടുകള്‍ നിരോധിക്കാനുള്ള കാര്യം ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിനാണ് ഈ മറുപടി.
കഴിഞ്ഞ മെയ് 19 നാണ് നിര്‍ദേശം ചര്‍ച്ച ചെയ്ത് അംഗീകരിച്ച് ഗവര്‍ണര്‍ രഘുറാം രാജന് പുതിയ 2000 നോട്ട് ഇറക്കാന്‍ അനുമതി നല്‍കിയത്. 2016 മെയ് 19 ന് പുറമേ ജൂലൈ 7, ആഗസ്റ്റ് 11 എന്നിങ്ങനെ മൂന്ന് യോഗങ്ങളിലും ഈ ചര്‍ച്ച നടക്കുകയോ അംഗീകാരം നല്‍കുകയോ ചെയ്തിട്ടില്ല. സര്‍ക്കാരില്‍ നിന്നും ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന് ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശം കിട്ടിയിരിന്നോ എന്ന ചോദ്യത്തിന് 2016 നവംബര്‍ 8 ന് നടന്ന യോഗത്തില്‍ മറ്റൊരു ഉത്തരമാണ് കിട്ടിയത്. ഇതിനൊപ്പം ഉത്തരം വെളിപ്പെടുത്താന്‍ കഴിയാത്ത ചോദ്യമെന്ന വിവരവും കിട്ടി. 2016 സെപ്തംബര്‍ അവസാനത്തോടെ കാലാവധി പൂര്‍ത്തിയായ രഘുറാംരാജന് നോട്ട് അസാധുവാക്കലിനെ എതിര്‍ത്ത് എന്തെങ്കിലും രേഖകള്‍ നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം നല്കാന് ആര്‍ബിഐ തയ്യാറായില്ല. നവംബറില്‍ രാജ്യത്തെ ഏറ്റവും മൂല്യം കൂടിയ നോട്ട പിന്‍വലിക്കാന്‍ പത്തു മാസത്തെ തയ്യാറെടുപ്പ് നടത്തിയെന്നായിരുന്നു നേരത്തേ നരേന്ദ്രമോഡി പറഞ്ഞത്. കള്ളപ്പണം സൂക്ഷിക്കുന്നവര്‍ അത് വെളുപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് ഭയന്നാണ് വിവരം രഹസ്യമാക്കി വെച്ചിരുന്നതെന്നുമാണ് നവംബര്‍ 8 ന് പ്രഖ്യാപനത്തില്‍ പറഞ്ഞത്.
2014 ല്‍ 5000 ന്റെയും 10,000 ന്റെയും നോട്ട് ഇറക്കാനുള്ള നിര്‍ദേശം ആര്‍ബിഐ സര്‍ക്കാരിന് നല്‍കിയെങ്കിലൂം സൂക്ഷ്മമായി പരിശോധിച്ച ശേഷം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 2016 നവംബര്‍ 8 ന് നോട്ട അസാധുവാക്കല്‍ പ്രഖ്യാപനം വരുമ്പോള്‍ നടന്ന ബോര്‍ഡ് മീറ്റിംഗില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍, ഡപ്യൂട്ടി ഗവര്‍ണര്‍മാരായ ആര് ഗാന്ധി, എസ്എസ് മുന്ദ്ര, സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ്, ഡിഎഫ്എസ് സെക്രട്ടറി അഞ്ജുലി ചിബ് ദുഗ്ഗല്‍, ഭരത് ദോഷി, നചികേത് മോര്, മുന്‍ വ്യവസായി സുധീര്‍ മങ്കാദ് എന്നിവര്‍ ഉണ്ടായിരുന്നു.






