
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിനെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് മേഖലയിൽ ഉണ്ടായ ശക്തമായ സൈനിക ഏറ്റുമുട്ടലുകൾക്ക് ശേഷം താൽക്കാലികമായി പിന്മാറാൻ അമേരിക്കയും ഇറാനും ധാരണയിലെത്തിയതായി റിപ്പോർട്ട്. തൽക്കാലം ഇരുവിഭാഗവും സൈനിക നീക്കങ്ങൾ നിർത്തിവെക്കുമെന്നും ഇതിന്റെ തുടർച്ചയായി ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന നിർണായക ചർച്ചകൾ നടക്കുമെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
അറുപത് ദിവസത്തെ ചർച്ചകൾക്കായി ഇരുരാജ്യങ്ങളും തമ്മിൽ രൂപീകരിച്ച സമാധാന കരാർ നിലവിൽ വന്ന് വെറും പതിനൊന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കഴിഞ്ഞ വാരാന്ത്യത്തിൽ വീണ്ടും കടുത്ത സൈനിക നീക്കങ്ങൾ ഉണ്ടായത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ഇരുരാജ്യങ്ങൾക്കും ഏകാഭിപ്രായമില്ലാത്തതാണ് തർക്കങ്ങൾക്ക് കാരണമായത്.
കരാർ പ്രകാരം വാണിജ്യ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കാൻ ഇറാൻ സമ്മതിച്ചിരുന്നു. ഇതിന് പകരമായി ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം നീക്കാൻ അമേരിക്കയും തയ്യാറായിരുന്നു. കഴിഞ്ഞ ആഴ്ച സ്വിറ്റ്‌സർലൻഡിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഏകോപിപ്പിക്കുന്നതിനായി യുഎസ് സൈന്യവും ഇറാന്റെ റെവല്യൂഷണറി ഗാർഡും തമ്മിൽ ഒരു 'ഹോട്ട്‌ലൈൻ' സംവിധാനം സ്ഥാപിക്കാൻ ധാരണയായിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ചയായിട്ടും ഈ സംവിധാനം പ്രാവർത്തികമാകാത്തതിനെ തുടർന്ന് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഇറാൻ വീണ്ടും നിർബന്ധം പിടിക്കുകയായിരുന്നു. കൂടാതെ ഒമാൻ തീരത്തുകൂടിയുള്ള പുതിയ റൂട്ടിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ ഇറാൻ രണ്ട് തവണ ആക്രമണം നടത്തുകയും ചെയ്തു.
ഇറാൻ ആക്രമണങ്ങൾ തുടർന്നാൽ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മറുപടിയായി വെടിനിർത്തൽ ലംഘനങ്ങൾ ഉണ്ടായാൽ നയതന്ത്ര ചർച്ചകൾ പൂർണ്ണമായും നിർത്തിവെക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ നിലവിലെ താൽക്കാലിക ധാരണ പ്രകാരം മേഖലയിൽ കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാമെന്നാണ് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നിലവിൽ ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ വർദ്ധനയുണ്ടായിട്ടുണ്ടെന്ന് യുഎസ് നാവികസേനയുടെ മേൽനോട്ടത്തിലുള്ള മൾട്ടിനാഷണൽ മാരിടൈം ബോഡി അറിയിച്ചു. സാധാരണ ദിവസങ്ങളിൽ ശരാശരി 138 കപ്പലുകൾ കടന്നുപോകുന്ന സ്ഥാനത്ത് നിലവിൽ 89 കപ്പലുകൾ യുഎസ് സഹായത്തോടെ സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയിട്ടുണ്ട്. നാളെ ദോഹയിൽ നടക്കുന്ന സാങ്കേതിക ചർച്ചകളിലൂടെ ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനാകുമെന്നാണ് നയതന്ത്ര ലോകം പ്രതീക്ഷിക്കുന്നത്.






