
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെ, തങ്ങൾ പ്രതികളാകില്ലെന്ന ആത്മവിശ്വാസത്തിൽ മുൻ ഭരണസമിതി. 2019-ലെ തട്ടിപ്പ് മറച്ചുവെക്കാൻ 2025-ൽ സ്വർണ്ണം പൂശാനായി ശിൽപ്പങ്ങൾ കൊണ്ടുപോയതിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്നായിരുന്നു ഭരണസമിതിക്കെതിരായ പ്രധാന ആരോപണം. എന്നാൽ, പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുൻ ഭരണസമിതിക്ക് ഈ സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.
2019-ലെ തട്ടിപ്പ് പുറത്തുവരുന്നതിന് മുൻപ്, 2024-ലാണ് ദ്വാരപാലക ശിൽപ്പ പാളികൾ സ്വർണ്ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ മുൻ ഭരണസമിതി തീരുമാനമെടുത്തത്. ഈ നടപടിയിൽ ഗൂഢാലോചന ഇല്ലെന്നും സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഈ കേസിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി ഇന്ന് കോടതി പരിഗണിക്കും. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി കോടതിയിൽ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറ്റപത്രം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്വേഷണ സംഘത്തലവൻ എസ്. ശശിധരൻ നേരിട്ട് ദേവസ്വം ബെഞ്ചിൽ ഹാജരായി വിശദീകരണം നൽകും. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വിലയിരുത്തിയതിലെ പുരോഗതിയും നിലവിലെ അന്വേഷണത്തിന്റെ വിശദാംശങ്ങളും എസ്.ഐ.ടി കോടതിയെ ബോധിപ്പിക്കും. ഇതിനോടൊപ്പം സ്വർണ്ണക്കവർച്ചയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയിട്ടുള്ള ഒരുകൂട്ടം ഹർജികളും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
കേരള പോലീസ് നടത്തുന്ന അന്വേഷണം മികച്ച രീതിയിലാണെന്നും നിലവിൽ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവർ സമർപ്പിച്ച ഹർജികളിലാണ് കോടതി തുടർനടപടികൾ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്നത്തെ കോടതി ഇടപെടൽ കേസിൽ ഏറെ നിർണ്ണായകമാകും.






