
വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട്് സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ സസ്പെന്റ് ചെയ്തു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്. ശശീന്ദ്രനാഥിനെയാണ് സസ്പെന്റ് ചെയ്തത്. ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിരിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല ഹോസ്റ്റലില്‍ മൂന്ന് ദിവസമായി ഭക്ഷണം പോലും കിട്ടാതെ വിദ്യാര്‍ത്ഥി ക്രൂര മര്‍ദ്ദനത്തിന് ഇരയായിട്ടും കോളേജ് അധികൃതര്‍ അറിഞ്ഞില്ല എന്നത് സര്‍വലാശാലയ്ക്ക് വീഴ്ചയുണ്ടായതായി ഗവര്‍ണര്‍ പറഞ്ഞു.
നേരത്തേ ഗവര്‍ണര്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥിന്റെ നെടുമങ്ങാട്ടെ വീട്ടിലെത്തി സന്ദര്‍ശനം നടത്തിയിരുന്നു. കേസില്‍ സര്‍ക്കാര്‍ മുമ്പോട്ട് പോകാതെ നടപടി വിദ്യാര്‍ത്ഥികളുടെ അറസ്റ്റില്‍ മാത്രം ഒതുങ്ങുമെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെ കൂടി വെട്ടിലാക്കി അല്‍പ്പം കൂടി കടന്ന നടപടി ഗവര്‍ണര്‍ എടുത്തിരിക്കുന്നത്. ക്യാമ്പസില്‍ എസ്എഫ്ഐ - പിഎഫ്ഐ കൂട്ടുകെട്ടാണെന്നും ഇരുവരും ചേര്‍ന്നുള്ള അക്രമമാണ് നടത്തിയിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ സമയത്ത് വി.സി. സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ട് 13 ദിവസത്തിന് ശേഷമാണ് അറസ്റ്റ് നടന്നത്.
ഇത്രയും ഗൗരവതരമായ ഒരു പ്രശ്നം നടന്നിട്ടും സര്‍ക്കാര്‍ പ്രശ്നത്തെ വേണ്ടവിധത്തില്‍ എടുത്തിട്ടില്ല എന്ന തരത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രശ്നത്തില്‍ വന്‍ വീഴ്ചയുണ്ടായ കോളേജിന്റെ വിസിയ്ക്കോ ഡീനോ കോളേജ് അധികൃതര്‍ക്കോ എതിരേ നടപടിയെടുത്തില്ലെന്നും കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളെ പിടിച്ചതല്ലെന്നും അവര്‍ കീഴടങ്ങിയതാണെന്നും ഇത് ഒത്തുകളിയാണെന്നും ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയത്തില്‍ സര്‍ക്കാരിനെ കുരുക്കി ഗവര്‍ണറുടെ ഇടപെടലും വന്നിരിക്കുന്നത്.






