
ശാസ്ത്രജ്ഞർ അടുത്ത കാലത്തായി ഡാനിയോണല്ല സെറിബ്രം എന്ന മീനുകളിൽ നടത്തിയ പഠനത്തിൽ ഒരു കാര്യം കണ്ടെത്തുകയുണ്ടായി. ഇവയിൽ ആണ് വിഭാഗത്തിൽപ്പെടുന്ന ഡാനിയോണല്ല സെറിബ്രം മീനുകൾക്ക് 140 ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാക്കാൻ കഴിയുമത്രേ.
ഈ ചെറു മീനുകൾക്ക് പിഎൻഎഎസ് ജേണലിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആംബുലൻസ് സൈറണിന്റെയോ വെടിയൊച്ചയുടെയോ തീവ്രതയ്ക്ക് സമാനമായ ശബ്ദം പുറപ്പെടുവിക്കാൻ കഴിയും. ബെർലിനിലെ ചാരിറ്റേ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
മ്യാൻമറിലെ ബാഗോ യോമ പർവതനിരകളിലെ ചെറിയ അരുവികളിലാണ് ഇവയെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ചെറിയ തലച്ചോറുള്ള മത്സ്യമാണ് ഇത് . ഈ ചെറിയ മത്സ്യത്തിന് 140 ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാക്കാൻ കഴിയും. ഡ്രമ്മിംഗ് തരുണാസ്ഥി, പ്രത്യേക വാരിയെല്ല്, ക്ഷീണത്തെ പ്രതിരോധിക്കാനുള്ള പേശി എന്നിവ ഉൾപ്പെടുന്ന സവിശേഷമായ ശബ്ദ ഉൽപ്പാദന സംവിധാനം ഡാനിയോണല്ല സെറിബ്രം എന്ന മത്സ്യങ്ങൾക്ക് ഉണ്ടെന്ന് ഗവേഷകർ പറയുന്നു.
അതിവേഗ വീഡിയോ റെക്കോർഡിംഗുകൾ ഉപയോഗിച്ചാണ് ഡാനിയോണല്ല സെറിബ്രം മീനുകളുടെ ശബ്ദ ഉൽപ്പാദന സംവിധാനത്തെക്കുറിച്ച് ഗവേഷക സംഘം പഠനം നടത്തിയത്.






