
യുഎസ് ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന് (നാസ) ബഹിരാകാശത്ത് നിന്നുള്ള അതിമനോഹരമായ ചിത്രങ്ങളും വീഡിയാകളും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അടുത്തിടെ നാസ തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലെ വിവിധ സ്ഥലങ്ങള്‍ കാണിക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കായി ഒരു വെര്‍ച്വല്‍ ടൂര്‍ തന്നെയാണ് നാസ ഒരുക്കിയിരിക്കുന്നത്.
'ഏകദേശം ഓരോ 90 മിനിറ്റിലും, അന്താരാഷ്ട്ര ബഹിരാകാശ നിലയം മണിക്കൂറില്‍ 17,500 മൈല്‍ (36,000 കിലോമീറ്റര്‍) വേഗതയില്‍ ഭൂമിയെ ചുറ്റുന്നു'' എന്ന കുറിപ്പോടെയാണ് നാസ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ചൈനയില്‍ നിന്ന് വേര്‍തിരിക്കുന്ന വിശാലമായ പര്‍വതനിരയായ ഹിമാലയത്തെയാണ് ആദ്യത്തെ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്. ഈ പ്രദേശം നേപ്പാള്‍, ഭൂട്ടാന് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ആസ്ഥാനമാണ്. ചൈനയുടെ ഭാഗത്ത് മാനസരോവര്‍ തടാകങ്ങളും രാക്ഷസ്താലും കാണാം. ഭൂമിയില്‍ നിന്ന് 261 മൈല്‍ ഉയരത്തില്‍ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്നാണ് ചിത്രം പകര്‍ത്തിയത്.
രണ്ടാമത്തെ ചിത്രം ഭ്രമണപഥത്തില്‍ നിന്ന് കാണുന്നത് പോലെയുള്ള ബഹാമസിന്റെ രാത്രിചിത്രമാണ്. മൂന്നാമത്തെ ചിത്രം രാത്രിയിലെ ബോസ്റ്റണിലെ നഗരവിളക്കുകളെ കാണിക്കുന്നു. നാലാമത്തെ ചിത്രം, അറേബ്യന്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ റിയാദ് ആണ്. അഞ്ചാമത്തെ ചിത്രം മഞ്ഞില്‍ പൊതിഞ്ഞ, മെറിംഗുവിനോട് സാമ്യമുള്ള കോസ്റ്റ് പര്‍വതനിരകളെ കാണിക്കുന്നു. ബ്രിട്ടീഷ് കൊളംബിയയുടെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പര്‍വതനിരയുടെ പരുക്കന്‍ കൊടുമുടികള്‍ മഞ്ഞുമൂടി കിടക്കുന്നത് സമ്മാനിക്കുന്നത് മനോഹരമായ കാഴ്ചയാണ്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ പോസ്റ്റ് ഇതിനോടകം 50,000 ലൈക്കുകളാണ് വാരിക്കൂട്ടിയിരിക്കുന്നത്.






