ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല മുന്‍ വി.സി സിസ തോമസിനെതിരായ നിയമപോരാട്ടത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലയാടാക്കരുതെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തള്ളിയത്.
സിസ തോമസിനെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍ വി.സി ഡോ.രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സിസ തോമസിനെ ഗവര്‍ണര്‍ താത്ക്കാലിക വി.സിയായി നിയമിച്ചത്.
എന്നാല്‍ സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് സിസ തോമസ് വി.സിയായി ചുമതലയേറ്റതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിനെതിരെ സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയും നടപടി റദ്ദാക്കുകയുമായിരുന്നു.






