
അഭിമന്യു വധക്കേസില്‍ കുറ്റപത്രം അടക്കം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കാണാനില്ലെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് അഭിമന്യു വധക്കേസിലെ രേഖകള്‍ കാണാതായത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കാണാതായത്.
ഇപ്പോഴിതാ അഭിമന്യു കൊലപാതകക്കേസിലെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായതിന് പിന്നാലെ വിമര്‍ശന കുറിപ്പുമായി നടന് ഹരീഷ് പേരടി. അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊകയെന്ന് ഹരീഷ് പേരടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
"അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കിൽ സിദ്ധാർത്ഥിന്റെ കാര്യം കട്ടപൊക...തിരഞ്ഞെടുപ്പ്,വോട്ട് രാഷ്ട്രീയം,അധികാരം..അതിനിടയിൽ സാഹചര്യങ്ങൾക്കനുസരിച്ച് പല രേഖകളും മുങ്ങുകയും പൊന്തുകയും ചെയ്യുന്നു...ജനാധിപത്യം കൈയ്യിൽ പുരളുന്ന വെറും മഷി മാത്രമാവുന്നു...ജീവൻ നഷ്ടപ്പെട്ടവനും അവന്റെ കുടുംബത്തിനും കൂറെ സ്വപ്നങ്ങളും യാഥാർത്ഥ്യവും നഷ്ടമാവുന്നു...ദുരന്ത കേരളം..." ഹരീഷ് പേരടി കുറിച്ചു.
കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം, പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള പ്രധാനപ്പെട്ട രേഖകളാണ് കാണാതായത്. ഇതുസംബന്ധിച്ച വിവരം സെഷന്‍സ് ജഡ്ജി ഡിസംബറില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 26 ക്യാമ്ബസ് ഫ്രണ്ട് - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 2018 ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസിൽ കൊല്ലപ്പെട്ടത്. ഇതേ കോളജിലെ അര്ജുന് എന്ന വിദ്യാര്‍ഥിക്കും കുത്തേറ്റിരുന്നു. മഹാരാജാസിലെ വിദ്യാര്‍ഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒന്‍പതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തുകയും സഹല്‍ കത്തികൊണ്ട് കുത്തുകയായിരുന്നുമെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.






