ന്യുഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രയ്ക്ക് കയറിയ യുവതിയെ കാത്തിരുന്നത് കുഷ്യനുകളില്ലാത്ത സീറ്റ്. ബംഗലൂരു- ഭോപ്പാല്‍ 6E 6465 വിമാനത്തിലാണ് ഈ സംഭവം. ഇക്കാര്യം ചിത്രമടക്കം യാത്രക്കാരി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. എന്നാല്‍ വിമാനം പുറപ്പെടും മുന്‍പ് സീറ്റുകള്‍ വൃത്തിയാക്കുന്നതിനായി മാറ്റിയതാണെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നുവെന്നും ഇന്‍ഡിഗോ പറയുന്നു. എന്തായാലും വിമാന കമ്പനിയുടെ ഈ നടപടി യാത്രക്കാരില്‍ ശുചിത്വത്തേയും വൃത്തിയേയും കുറിച്ച് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഇന്‍ഡിഗോയെ ടാഗ് ചെയ്താണ് യുവതി പോസ്റ്റിട്ടത്. സുരക്ഷിതയായി സ്ഥലത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി സീറ്റുകള്‍ വൃത്തിയാക്കാന്‍ എടുത്തതാണെന്നും അത് പതിവ് നടപടിയാണെന്നും ഇന്‍ഡിഗോ മറുപടി നല്കി. കുഷ്യന് താത്ക്കാലികമായി മാറ്റിയ വിവരം ജീവനക്കാര്‍ തന്നെ യാത്രക്കാരിയെ അറിയിച്ചിരുന്നുവെന്നും പറയുന്നു.
മണിക്കൂറുകള്‍ക്കും വൈറലായ പോസ്റ്റ് ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതാദ്യമായല്ല സീറ്റ കുഷ്യനില്ലാതെ വിമാന സര്‍വീസ് നടക്കുന്നത്. പൂനെ- ബംഗലൂരു ഇന്‍ഡിഗോ വിമാനത്തില്‍ സീറ്റ് കുഷ്യന് കാണാതായ കാര്യം ഡിസംബറിലും ഒരു യാത്രക്കാരന് പങ്കുവച്ചിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്രയ്ക്ക് ചെന്നപ്പോഴാണ് ഈ അനുഭവം. ഒരാഴ്ച മുന്‍പ് നാഗ്പൂരിലേക്ക് പോയ വിമാനത്തിലും ഇതായിരുന്നു അവസ്ഥ.






