
വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കിയില്ല എന്നാരോപിച്ച് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കുത്തിപരിക്കേല്‍പ്പിച്ച് ഭാര്യ. ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. ആക്രമത്തില്‍ ഗുരുതര പരുക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിലായതിന് പിന്നാലെ പോലീസ് 35 കാരിയായ ഭാര്യ സന്ധ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
ഫെബ്രുവരി 27 നാണ് സംഭവം. സംഭവത്തേക്കുറിച്ച് പോലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് സമ്മാനമൊന്നും നല്‍കാതിരുന്നതോടെ യുവതിയും 37കാരനായ ഭര്‍ത്താവ് കിരണും തമ്മില്‍ തര്‍ക്കിച്ചിരുന്നു. ഇതിന് പിന്നാലെ കിരണ്‍ മുറിയില്‍ കിടന്നുറങ്ങിയതോടെയാണ് ആക്രമണം നടന്നത്. അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തിയാണ് യുവതി ആക്രമണത്തിനായി ഉപയോഗിച്ചത്. പരിക്കേറ്റ യുവാവ് നിലവിളിച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തിയാണ് യുവാവിനെ രക്ഷിച്ചത്. അയല്‍ക്കാരാണ് പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ ബേല്ലന്ദൂര് പോലീസാണ് യുവതിക്കെതിരെ കേസ് എടുത്തത്. മുത്തച്ഛന് അടുത്തിടെ മരണപ്പെട്ടതിനാലാണ് ഭാര്യയ്ക്ക് വിവാഹ വാര്‍ഷികത്തിന് സമ്മാനമൊന്നും വാങ്ങാതിരുന്നതെന്നും ഇതാണ് തര്‍ക്കത്തിന് കാരണമായതെന്നും കിരണ്‍ പോലീസിന് മൊഴി നല്കി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കിരണ്‍. അടുത്ത കാലത്തായി വിഷാദ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന സന്ധ്യയെ കൌണ്സിലിംഗിന് വിധേയയാക്കിയിരുന്നുവെന്നാണ് കിരണ്‍ വിശദമാക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരുകയാണ്.






