
ധരംശാല: ടെസ്റ്റ് ക്രിക്കറ്റിനെ സംരക്ഷിക്കാനുള്ള മാർഗം താരങ്ങളുടെ വരുമാനം ഉയർത്തുകയല്ലെന്ന് രാഹുൽ ദ്രാവിഡ്. റെഡ് ബോൾ ക്രിക്കറ്റിന്റെ വെല്ലുവിളികൾ മനസിലാക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയുമാണ് വേണ്ടത്. പണം ടെസ്റ്റ് ക്രിക്കറ്റിനെ കീഴടക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റ് ബുദ്ധിമുട്ടേറിയ ഒരു ഫോർമാറ്റാണ്. രവിചന്ദ്രൻ അശ്വിൻ 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. സ്ഥിരതയാർന്ന പ്രകടനം ഉണ്ടെങ്കിൽ മാത്രമെ ഈ നേട്ടം സ്വന്തമാക്കാൻ കഴിയു. 100 ട്വന്റി 20 മത്സരങ്ങൾ കളിച്ചത് ഇത്ര വലിയ ആഘോഷമാകാറില്ലെന്നും ദ്രാവിഡ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റ് താരങ്ങൾക്ക് വരുമാനം ഉയർത്തുന്നത് താരങ്ങൾക്കുള്ള അംഗീകാരമാണ്. പണം നൽകി അതിലേക്ക് ആരെയും ആകർഷിക്കാൻ കഴിയില്ല. എന്നാൽ ഇത്തരം വരുമാനങ്ങളില്ലാത്ത ഒരുപാട് ആളുകൾ ടെസ്റ്റ് ക്രിക്കറ്റ് കാണുന്നുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും ഒഴിവാക്കി ഐപിഎൽ കളിക്കാൻ താരങ്ങൾ തീരുമാനിക്കുന്നതിനാലാണ് വരുമാനം ഉയർത്താൻ ബിസിസിഐ തീരുമാനിച്ചത്.
ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് 45 ലക്ഷം രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മാച്ച് ഫീയ്ക്ക് പുറമേ, ഇൻസെന്റീവും നൽകാൻ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ ഒരു സീസണിൽ, ആകെ മത്സരങ്ങളുടെ 75 ശതമാനമോ അധികമോ കളിക്കന്ന താരങ്ങൾക്ക് 15 ലക്ഷം രൂപ മാച്ച് ഫീക്കു പുറമേ, ഓരോ മത്സരത്തിനും 45 ലക്ഷം രൂപ ഇൻസെന്റീവും ലഭിക്കും.
പ്ലെയിങ് ഇലവനിൽ ഇടംനേടാത്ത താരങ്ങൾക്ക് 22.5 ലക്ഷം രൂപയും ലഭിക്കും. 50– 75 ശതമാനത്തിന് ഇടയിലാണ് മത്സരങ്ങൾ കളിക്കുന്നതെങ്കിൽ 30 ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും ഇൻസെന്റീവായി ലഭിക്കുക. 50 ശതമാനത്തിൽ താഴെ മത്സരങ്ങൾ കളിക്കുന്നവർക്ക് ഇൻസെന്റീവ് ലഭിക്കില്ല. ഇന്ത്യൻ താരങ്ങൾ ഐപിഎല്ലിനു കൂടുതല്‍ പ്രധാന്യം നൽകുന്നുവെന്നു ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ നീക്കം.






