
ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധമാണ് സഹോദര ബന്ധം. കാരണം സഹോദര സ്നേഹത്തിന് പകരം വയ്ക്കാന്‍ ഈ ലോകത്ത് മറ്റൊരു ബന്ധത്തിനെക്കൊണ്ടും കഴിയില്ല. ഒരാളില്ലാതെ മറ്റൊരാള്‍ക്ക് ജീവിക്കാനും കഴിയില്ല. എത്ര മോശം സാഹചര്യത്തിലും നമ്മുക്കൊപ്പം നില്ക്കാന് സഹോദരങ്ങളെ കഴിഞ്ഞേ മറ്റൊരമുള്ളു. ഇത് തെളിയിക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോളിതാ ഇതില്‍ മറ്റൊരു വീഡിയോകൂടി ചേര്‍ക്കപ്പെടുകയാണ്. കടുത്ത തണുപ്പില്‍ സഹോദരിക്ക് വേണ്ടി വഴിയൊരുക്കുന്ന സഹോദരനെ സംബന്ധിക്കുന്ന വീഡിയോയാണ് ഇത്.
@wisehimachal എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ലഹൗല്‍ സ്പിതിയില്‍ നിന്നുമാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ചുറ്റിനും മഞ്ഞ് മൂടിക്കിടക്കുകയാണ്. അതിലൂടെ സഹോദരനും സഹോദരിയും നടന്നു പോകുന്നതാണ് വീഡിയോയില്‍. എന്നാല്‍ സഹോദരിക്ക് പരീക്ഷാ ഹാളില്‍ എത്തുന്നതിന് വേണ്ടി ആ മഞ്ഞ് മുറിച്ച് വഴിയുണ്ടാക്കിക്കൊടുക്കുകയാണ് സഹോദരന്. നാല് കിലോമീറ്റര്‍ അങ്ങനെ നടന്നാലാണത്രേ അവള്‍ക്ക് പരീക്ഷഹാളില്‍ എത്താന്‍ സാധിക്കുക.
വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ,, ' ഹിമാചല്‍ പ്രദേശിലെ ലഹൗല്‍ സ്പിതി ജില്ലയിലെ പരീക്ഷാ കേന്ദ്രമായ ഗോന്ദാലയില്‍ എത്താന്‍ ഖാന്ദ്സാറില് നിന്നുള്ള വിദ്യാര്‍ത്ഥിനിയായ റിഷിക ഏകദേശം 3 അടി വരുന്ന മഞ്ഞിലൂടെ 4 കിലോമീറ്റര്‍ നടന്നു. അവളുടെ സഹോദരന് പവന് അവളെ ഖാങ്സാറില്‍ നിന്ന് ഗോന്ദല പരീക്ഷാ കേന്ദ്രത്തിലേക്ക് ആ മഞ്ഞിലൂടെ എത്തിക്കുകയായിരുന്നു' എന്നാണ്.
വീഡിയോയില്‍ പവന് ഒരു വടിയുമായി റിഷികയുടെ മുന്നില്‍ നടക്കുന്നത് കാണാം. അവന് ആ വടിവച്ചുകൊണ്ട് മുന്നിലുള്ള മഞ്ഞ് നീക്കി അവള്‍ക്ക് പോകാനുള്ള വഴിയൊരുക്കുകയാണ്. ശ്രമകരമായ സാഹചര്യത്തില്‍ അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് അവന് സഹോദരിക്ക് വേണ്ടി വഴിയൊരുക്കുന്ന കാഴ്ച ആരുടെ ഹൃദയത്തെയും സ്പര്‍ശിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. സഹോദരങ്ങള്‍ പരസ്പരം താങ്ങായും തണലായും വര്‍ത്തിക്കുന്നവരാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് റിഷികയും പവനും.






