
ആലപ്പുഴ: ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസിലൂടെയുള്ള കഞ്ചാവ്കടത്തിനു പിന്നില്‍ വന്‍ ശൃംഖല. മൂന്നു വര്‍ഷത്തിനിടെ 210 കിലോ കഞ്ചാവ് പിടികൂടിയിട്ടും യഥാര്‍ഥ ഉടമകളെ കണ്ടെത്താനാകാതെ എക്െസെസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ഇരുട്ടില്‍ തപ്പുകയാണ്. ഒഡീഷ, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ധന്‍ബാദ് എക്സ്പ്രസ് വഴി കേരളത്തിലേക്കു വന്‍തോതില്‍ കഞ്ചാവെത്തുന്നത്. ഇടയ്ക്കിടെ ഇതു പിടികൂടാറുണ്ടെങ്കിലും ഇതിനു നേതൃത്വം നല്കുന്നവരെയോ ഇടനിലക്കാരെയോ കണ്ടെത്താന്‍ കഴിയാറില്ല.
പല കേസുകളിലും കഞ്ചാവ് മാത്രമാണു കണ്ടെടുക്കാറുള്ളത്. റെയ്ഡ് നടത്തുമ്പോള്‍ ഉടമസ്ഥര്‍ കഞ്ചാവുപേക്ഷിച്ചു മുങ്ങുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്‍.ഡി.പി.എസ്. കേസ് രജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും തുടരന്വേഷണത്തിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത മൂലം കാര്യമായി മുന്നോട്ടു നീങ്ങാറില്ല. സിസിടിവി പരിശോധിച്ചുള്ള അന്വേഷണമാണു പ്രധാനമായും നടത്തുന്നത്. റെയില്‍വേ സ്റ്റേഷനിലെ വന്‍ തിരക്കിനിടെ പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ഇതില്‍നിന്നു ലഭിക്കാറുമില്ല.
ഒഡീഷയിലും ആന്ധ്രയിലും കിലോഗ്രാമിന് 2500 മുതല്‍ 12000 രൂപ വരെ വില വരുന്ന ശീലാവതി ഉള്‍പ്പെടെയുള്ള കഞ്ചാവിനങ്ങളാണ് കേരളത്തിലേക്കു കൊണ്ടുവരുന്നത്. കൊച്ചി, ആലപ്പുഴ ടൂറിസം മേഖലകളില്‍ ഇതിനു വന്‍ ഡിമാന്‍ഡാണെന്നു പറയപ്പെടുന്നു. ബിസ്കറ്റ് പാക്കറ്റുകളിലും മറ്റും കടത്തിക്കൊണ്ടു വന്ന കഞ്ചാവ് നേരത്തെ പിടികൂടിയിട്ടുണ്ട്. ബിഗ്ഷോപ്പറില്‍ അഞ്ചു പായ്ക്കറ്റുകളിലായി സൂക്ഷിച്ച 10 കിലോയിലേറെ കഞ്ചാവാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. മറ്റു ട്രെയിനുകളില്‍നിന്നു ലഹരി ഉത്പന്നങ്ങള്‍ പിടികൂടാറുണ്ടെങ്കിലും ധന്‍ബാദ് എക്സ്പ്രസിലാണ് ഏറ്റവും കൂടുതല്‍ ലഹരികടത്ത് നടക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.
അതിഥിത്തൊഴിലാളികള്‍ ധാരാളമായി യാത്രചെയ്യുന്ന ധന്‍ബാദ് എക്സ്പ്രസില്‍ വന്‍തിരക്കാണ്. ഈ ട്രെയിനിനുള്ളിലെ പരസ്യമായ ലഹരി ഉപയോഗത്തെക്കുറിച്ച് ഒരു മലയാളി യുവതി മുമ്പ് ഫെയ്സ്ബുക്ക് െലെവിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിലെ വൃത്തിഹീനമായ ബോഗികളും ശൗചാലയവും വെടിപ്പാക്കാന്‍ ജീവനക്കാര്‍ക്ക് ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്.






