
ന്യൂജെൻ പിള്ളേരുടെ പ്രേമവും ജീവിതവും നല്ല കളറായി പറഞ്ഞ് മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗിരീഷ് എ.ഡി യുടെ സംവിധാനത്തില്‍ പിറന്ന പ്രേമലു ശരിക്കുമൊരു പ്രേമപ്പടമാണ്. ബി.ടെക് കഴിഞ്ഞ് പുറത്തിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ലോകത്തേക്കാണ് പ്രേമലു പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മലയാളക്കരയെ ആകമാനം അടുത്തിടെ പൊട്ടിച്ചിരിപ്പിച്ച, സൂപ്പര്‍ഹിറ്റില്‍നിന്ന് ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്ന ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ് എഡിയുടെ ‘പ്രേമലു’വിന്റെ യു.കെ, യൂറോപ്പ് വിതരണാവകാശം ബോളിവുഡ്ഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. മലയാളത്തിൽ നിന്നുള്ള ആദ്യ ലക്ഷണമൊത്ത റൊമാന്റിക് കോമഡി ആണ് പ്രേമലു എന്നതാണ് യഷ് രാജ് ഫിലിംസ് ഈ സിനിമ സ്വന്തമാക്കാനുള്ള കാരണം.
മലയാളത്തിനുപുറമേ തെലുങ്കിലും വെന്നിക്കൊടി പാറിക്കുകയാണ് ഗിരീഷ് എ.ഡി സംവിധാനംചെയ്ത പ്രേമലു. നസ്ലിനും മമിത ബൈജുവും ശ്യാം മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ സക്സസ് മീറ്റ് കഴിഞ്ഞദിവസം നടന്നിരുന്നു. ഇപ്പോഴിതാ ഈ ചടങ്ങിൽ പ്രേമലുവിലെ താരങ്ങളേയും അണിയറപ്രവർത്തകരേയും മനസ്സു നിറഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകൻ എസ്. എസ്. രാജമൗലി. ഓരോ അഭിനേതാക്കളെയും പേരെടുത്ത് രാജമൗലി അഭിനന്ദിച്ചു. ‘‘ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശ്യാം മോഹൻ അവതരിപ്പിച്ച ആദി എന്ന കഥാപാത്രമാണ്. ആക്ഷൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോണർ. അതുകൊണ്ടു തന്നെ റൊമാന്റിക് കോമഡി സിനിമയോ മറ്റു ജോണറുകളോ എന്നെ ആകർഷിക്കാറില്ല. ഈ സിനിമ തെലുങ്കിലേക്ക് കൊണ്ടുവരാൻ മകന് കാർത്തികേയ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാൻ അധികം താല്പര്യം കാണിച്ചിരുന്നില്ല.
എന്നാല്‍ പ്രേമലു തിയറ്ററില്‍ നേരിട്ട് കണ്ടപ്പോള്‍ എന്നെ ഒരുപാട് ആകർഷിച്ചു. തുടക്കം മുതല്‍ അവസാനം വരെ സിനിമ എന്നെ പൊട്ടിച്ചിരിപ്പിച്ചു. ഇതിനു മുൻപ് ഇതുപോലെ ഒരു സിനിമ കണ്ടു പൊട്ടിച്ചിരിച്ചത് എന്നാണെന്നു തന്നെ ഓർമയില്ല. അതിന് ആദ്യം ക്രെഡിറ്റ് നൽകേണ്ടത് എഴുത്തുകാരന് തന്നെയാണ്....’’ രാജമൗലി പറഞ്ഞു.
ഒപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മിത ബൈജു, നസ്ലിൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ എല്ലാവരുടെയും പേരുകള്‍ എടുത്തുപറഞ്ഞ് രാജമൗലി അഭിനന്ദിച്ചു. ‘‘ഗീതാഞ്ജലിയിൽ അഭിനയിച്ച ഗിരിജാ ഷെട്ടാറിനേയും സായി പല്ലവിയേയുംപോലെ നായിക മമിതാ ബൈജു ആരാധകരുടെ ഹൃദയത്തുടിപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. അമൽ എന്ന താരം വളരെ നന്നായി അഭിനയിച്ചു. എന്റെ ചെല്ലപ്പേര് അമുൽ എന്നാണ്. കോളേജിൽ പഠിക്കുന്ന സമയത്ത് നമുക്കെല്ലാവർക്കുമുണ്ടാവും അമലിനേപ്പോലൊരു സുഹൃത്ത്. ട്രെയിലർ കണ്ടപ്പോൾ ഒരു സാധാരണ പയ്യൻ എന്നാണ് സച്ചിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനെക്കുറിച്ച് തോന്നിയത്. സിനിമ കണ്ടപ്പോൾ നസ്ലിനെ ഒരുപാട് ഇഷ്ടമായി. സച്ചിനെപ്പോലെ ഒരു ചെറുപ്പക്കാരനെ കണ്ടാൽ തലയ്ക്ക് ഒരു അടി കൊടുത്തിട്ട്, മര്യാദയ്ക്ക് ഒരു ജോലിയൊക്കെ ചെയ്ത് ആ പെണ്ണിനെ പ്രേമിക്കെടാ എന്ന് പറഞ്ഞേനേ.
സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നസ്ലിന്റെ റിയാക്ഷൻ ഏതാണെന്നു ചോദിച്ചാൽ, അവസാന ഭാഗത്ത് ടെറസിൽ ഇരുന്ന് മദ്യപിക്കുന്ന സീനുണ്ട്. അപ്പോൾ റീനുവിന്റെ കഥാപാത്രത്തെ കാണുമ്പോൾ നസ്ലിൻ ഒരു ആംഗ്യം കാണിക്കുന്നുണ്ട്. അത് കണ്ടപ്പോൾ തിയേറ്റർ മൊത്തം കൈയടിയായിരുന്നു. കാരണം അതുവരെ ആ പെൺകുട്ടിയെ കാണുമ്പോൾ നെർവസ് ആയിരിക്കുന്ന സച്ചിൻ ഭയങ്കര ആറ്റിറ്റ്യൂഡിൽ ആ ഹായ് കൊടുക്കുന്നത് പ്രതീക്ഷിക്കാത്തതായിരുന്നു. നസ്ലിന് ഉറപ്പായും നല്ലൊരു ഭാവിയുണ്ട്.
സോഫ്റ്റ്വയർ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ മാനറിസം ആദി എന്ന ശ്യാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട സീൻ മമിതയും ശ്യാമും അവതരിപ്പിച്ച ദേവരാഗം നൃത്തമാണ്. ആദ്യം മുതൽ അവസാനം വരെ ആദി എന്ന കഥാപാത്രം വളരെ രസകരമായിരുന്നു. അതുപോലെ നല്ലൊരു എൻഡിങ് ആണ് ആ കഥാപാത്രത്തിന് കിട്ടിയത്. തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള മലയാളസിനിമയിലെ നിങ്ങളുടെ മുൻഗാമികളുടെയെല്ലാം നല്ല പേര് നിലനിർത്താൻ നിങ്ങൾക്കായിട്ടുണ്ടെന്നും...’’ രാജമൗലി കൂട്ടിച്ചേർത്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.






