
കൊൽക്കത്ത: പശ്ചിമബംഗാളില്‍ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ഇടത് മുന്നണി. പതിനാറ് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇടത് മുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. പുറത്തുവിട്ട പട്ടികയിൽ 13 സീറ്റുകളില്‍ സിപിഐഎമ്മും മൂന്ന് സീറ്റുകളില്‍ സഖ്യകക്ഷികളും മത്സരിക്കും. 16 പേരില്‍ 14 പേരും പുതുമുഖങ്ങളും ചെറുപ്പക്കാരുമാണെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കൃഷ്ണനഗറിൽ നിന്ന് എസ് എം ചാൻഡി, ജാദവ്പൂരിൽ നിന്ന് ശ്രിജൻ ഭട്ടാചാര്യ, കൊൽക്കത്ത സൗത്തിൽ നിന്ന് സൈറ ഷാ സലീം, ഹൗറയിൽ നിന്ന് സബ്യസാച്ചി ചാറ്റർജി, ഹൂഗ്ലിയിൽ മൊനോദീപ് ഘോഷ്, ബിഷ്ണുപൂരിൽ സിതാൽ കൈബർത്ത എന്നിങ്ങനെയാണ് ആദ്യ ഘട്ട സ്ഥാനാർത്ഥികൾ. പശ്ചിമ ബംഗാളിൽ ബിജെപിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെയാണ് മത്സരിക്കുന്നതെന്ന് ബിമൻ ബോസ് കൂട്ടിച്ചേർത്തു.
കോൺഗ്രസുമായി സീറ്റ് പങ്കിടുന്നതിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ തയ്യാറാണെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. ഡൽഹിയിൽ മുന്നണിക്കൊപ്പം മത്സരിക്കുമെന്നും ബിമൻ ബോസ് കൂട്ടിച്ചേർത്തു. "ഞങ്ങൾ 16 സീറ്റുകളിൽ മാത്രമേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളൂ. സംസ്ഥാന കോൺഗ്രസ് നേതാക്കൾ അവരുടെ ഹൈക്കമാൻഡുമായി സംസാരിക്കാൻ ഇപ്പോൾ ന്യൂഡൽഹിയിലാണ്. അതിനാൽ, അവർ തിരിച്ചുവരട്ടെ, എന്നിട്ട് നമുക്ക് ചർച്ച ചെയ്യാം. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം," ബോസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ബിജെപിയും കോൺഗ്രസും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. നിലവില്‍ ബംഗാളില്‍ തൃമൂണല് കോൺഗ്രസ് 42 സീറ്റുകളിലേക്കും ബിജെപി 20 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ശൂന്യമായിരുന്നു.






