
ദാമ്പത്യജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ട് നമ്മുടെ സമൂഹത്തില്‍. പലരും ഇക്കാര്യം പുറത്തുപറയാറില്ല. കുടുംബത്തിന്റെ നിലനില്‍പ്പും കുട്ടികളുടെ ഭാവിയുമൊക്കെ ഓര്‍ത്തായിരിക്കും പലരും ഇത്തരം ബന്ധങ്ങളില്‍ തുടരുന്നത്. എന്നാല്‍ ചിലര്‍ അങ്ങനെയല്ല ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പ്രശ്നങ്ങള്‍ നിറഞ്ഞ വിവാഹജീവിതത്തില്‍ നിന്ന് പടിയിറങ്ങാറുണ്ട്. ഏതായാലും ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ നിന്നുള്ള സ്റ്റെഫാനി ഹാന്‍സണ്‍ എന്ന യുവതി അത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുകയാണ്.
കൂട്ടുകാരികളുമൊത്ത് ഒരു യാത്ര പോയി വന്നതിന്റെ അന്ന് തന്നെയാണ് സ്റ്റെഫാനി വര്‍ഷങ്ങള്‍ നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചത്. 2022 മെയ് മാസത്തില്‍ ഗ്രീസിലെ കെഫലോണിയയിലാണ് കൂട്ടുകാരികള്‍ക്കൊപ്പം സ്റ്റെഫാനി തന്റെ 40-ാമത്തെ പിറന്നാള്‍ ആഘോഷിക്കുന്നത്. കൂട്ടുകാരികള്‍ക്കൊപ്പം യാത്ര ചെയ്തപ്പോഴാണ് താന്‍ തന്റെ വിവാഹജീവിതത്തില്‍ എത്രമാത്രം സന്തോഷമില്ലാതെയാണ് കഴിയുന്നത് എന്ന് അവള് മനസിലാക്കുന്നത്. മാത്രമല്ല, നാല് മക്കളുടെ അമ്മയായ സ്റ്റെഫാനിക്ക് യാത്രയിലുടനീളം അവളുടെ മക്കളെ മിസ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അവള്‍ക്ക് തന്റെ ഭര്‍ത്താവിനെ മിസ് ചെയ്തില്ല. അവളുടെ കൂടെയുള്ള ജീവിതത്തില്‍ താന്‍ ഒട്ടും സന്തോഷവതിയില്ല എന്നും അവള് മനസിലാക്കി.
അങ്ങനെ, പൂളില്‍ വെറുതെ കിടക്കുന്ന നേരത്താണ് ആ വിവാഹജീവിതം ഇനി തനിക്ക് വേണ്ട എന്നും താന്‍ വിവാഹ മോചനം തേടുകയാണ് ചെയ്യേണ്ടത് എന്നും അവള് തീരുമാനിക്കുന്നത്. അങ്ങനെ ആ വിമന്‍സ് ട്രിപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ തന്നെ അവള് തന്റെ ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രതികരണം കണ്ടപ്പോള്‍ താനെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് തനിക്ക് തോന്നിയെന്നും സ്റ്റെഫാനി പറയുന്നു. വിവാഹ ജീവിതത്തില്‍ താന്‍ തന്നെ ശ്രദ്ധിച്ചിരുന്നില്ല. തന്റെ തടി കണ്ടമാനം കൂടി. ആരോഗ്യകാര്യത്തില്‍ ശ്രദ്ധയില്ലാതായി. എന്നാല്‍ വിവാഹ ജീവിതം അവസാനിച്ചതോടെ താന്‍ വ്യായാമം ചെയ്ത് തുടങ്ങി. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ച് തുടങ്ങി. ആ വിവാഹജീവിതം അവസാനിച്ചതോടെ താന്‍ തന്നെത്തന്നെ കൂടുതല്‍ സ്നേഹിച്ച് തുടങ്ങി എന്നും സ്റ്റെഫാനി പറയുന്നു.






