
കൊച്ചി: വയനാട് പേരിയ ഏറ്റുമുട്ടലില്‍ പിടികൂടിയ ചന്ദ്രു, ഉണ്ണിമായ എന്നീ മാവോയിസ്റ്റുകളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. ഇരുവര്‍ക്കുമെതിരേ പോലീസ് യു.എ.പി.എ. ചുമത്തിയിരുന്നു. മലപ്പുറം എടക്കര മാവോയിസ്റ്റ് ആയുധ പരിശീലന കേസില്‍ പിടിയിലായവരുമായി ഇവര്‍ക്കു ബന്ധമുള്ളതായി സംശമുണ്ട്. തലപ്പുഴ പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ. പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും ആയുധ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പേരിയ ഉരുപ്പുംകുറ്റിയില്‍ ആക്രമണം നടന്നപ്പോള്‍ കാട്ടിലുണ്ടായിരുന്നത് എട്ടു മാവോയിസ്റ്റുകളാണെന്നാണു പോലീസ് എഫ്.ഐ.ആര്. തെരച്ചില്‍ നടത്തുന്നതിനിടെ പോലീസിനുനേരേ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകള്‍ തമ്പടിച്ച ഷെഡുകള്‍ കണ്ടെത്തിയിരുന്നു. 2019 മാര്‍ച്ച് ഏഴിനു െവെത്തിരിയില് ദേശീയപാതയ്ക്കു സമീപമുള്ള ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ സി.പി. ജലീല്‍ കൊല്ലപ്പെട്ടു. അന്ന് ഓടിരക്ഷപ്പെട്ടയാളാണു ചന്ദ്രു.
കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം വര്‍ധിച്ചു വരികയാണെന്ന് സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍ സമാഹരിച്ച ഡാറ്റകളില്‍ പറയുന്നു. 2022 ല്‍ ഏഴ് ഏറ്റുമുട്ടല്‍ നടന്നു. കണ്ണൂരിലെ ആറളം, കൊട്ടിയൂര്‍, വയനാട്ടിലെ കപികളം, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ കഴിഞ്ഞവര്‍ഷം മാവോയിറ്റ് സാന്നിധ്യം കണ്ടെത്തി. ശക്തമായ ഇന്റലിജന്‍സ് സാന്നിധ്യം കാരണം സംസ്ഥാനത്തെ നക്സെലെറ്റ് പ്രവര്‍ത്തനങ്ങള്‍ പോസ്റ്ററുകള്‍, ലഘുലേഖകള്‍, സാഹിത്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിലും വിതരണത്തിലും മാത്രമായി ഒതുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.






