
മുട്ടക്കറി ഉണ്ടാക്കി നല്‍കിയില്ല എന്നാരോപിച്ച് യുവാവ് ലിവ്-ഇന്‍ പങ്കാളിയെ അടിച്ച് കൊലപ്പെടുത്തി. ഗുരുഗ്രാമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 32 കാരിയായ അഞ്ജലിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഏഴ് മാസം മുന്‍പാണ് ആക്രി പെറുക്കി ഉപജീവനം നയിച്ചിരുന്ന അഞ്ജലിയും ലല്ലന്‍ യാദവും ഒരുമിച്ച് താമസം തുടങ്ങുന്നത്. അഞ്ജലി ഭാര്യയാണെന്ന് വീട്ടുടമയെ വിശ്വസിപ്പിച്ചാണ് ഇരുവരും താമസം തുടങ്ങിയത്.
ഇരുവരും തമ്മില്‍ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായി. മുട്ടക്കറിയുണ്ടാക്കാന്‍ ലല്ലന്‍ യാദവ് അഞ്ജലിയോട് ആവശ്യപ്പെട്ടെങ്കിലും അഞ്ജലി അതിന് തയാറായില്ല. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ലല്ലന്‍ പ്രകോപിതനായി അഞ്ജലിയെ ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ലല്ലന്‍ യാദവ് സ്ഥലംവിട്ടു.
തുടര്‍ന്ന് ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നാണ് 32 കാരിയായ അഞ്ജലിയുടെ മൃതദേഹം ഗുരുഗ്രാം പോലീസ് കണ്ടെത്തിയത്. ആദ്യം മൃതദേഹം കണ്ടെത്തിയത് കെയര്‍ ടേക്കറാണ്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലല്ലന്‍ യാദവ് പിടിയിലായി. അഞ്ജലി തന്റെ ഭാര്യയല്ലെന്നും ആറ് വര്‍ഷം മുന്‍പ് പാമ്പ് കടിയേറ്റ് തന്റെ ഭാര്യ മരിച്ചുവെന്നും ലല്ലന്‍ പോലീസിനോട് വെളിപ്പെടുത്തി.






