
തിരുവനന്തപുരം : തൃശ്ശൂര്‍ പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണുവിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘടനകളുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍ അടച്ചിടാന്‍ തീരുമാനം. കോളജുകളുടെ സുരക്ഷ കണക്കിലെടുത്ത് സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന്റേതാണ് ഈ തീരുമാനം. സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള 120 കോളജുകളാണ് അടച്ചിടുക.
ഇതിനിടെ, ജിഷ്ണുവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിയ അന്വേഷണ സംഘം കേസ് സംബന്ധിച്ച വിവരങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം കോളിലെ ഹോസ്റ്റല്‍ മുറികള്‍ പരിശോധിച്ചു.
ഇതിനിടെ, സംസ്ഥാനത്തെ സ്വശ്രയ എഞ്ചിനീയറിങ് കോളജുകളിലെ ഉള്ളറകളെ കുറിച്ച് അറിയാന്‍ സ്വതന്ത്ര ഓംബുഡ്സ്മാനെ നിയമിക്കാന്‍ തീരുമാനമായി. വിദ്യാര്‍ത്ഥികളുടെ പരാതികേള്‍ക്കുന്ന ഓംബുഡ്സ്മാന് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി കോളജുകള്‍ക്ക് അഫിലിയേഷന് പുതുക്കി നല്‍കൂ. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാകും ഇതിനായി നിയമിക്കുക. പാമ്പാടി നെഹ്റു കോളജിലെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ 155 എഞ്ചിനീയറിങ് കോളജുകളിലും വിദഗ്ധര്‍ ഉടന്‍ പരിശോധന നടത്തും.






