
കച്ച്: സൗജന്യമായി ജോലി ചെയ്തു കൊടുത്തില്ലെന്ന കാരണത്തില്‍ കൂലിപ്പണിക്കാരുടെ കുടുംബങ്ങള്‍ താമസിക്കുന്ന കുടിലുകള്‍ക്ക് തീയിട്ടു. ഗുജറാത്തിലെ കച്ചില്‍ നടന്ന സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 കുടുംബങ്ങളുടെ കുടിലുകള്‍ക്കാണ് തീയിട്ടത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. മുഹമ്മദ് റഫീഖ് കുംഭാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവര്‍ തനിക്ക് സൗജന്യമായി ജോലി ചെയ്യാന്‍ വിസമ്മതിച്ചെന്നാണ് പ്രതിയുടെ ആരോപണം.
തൊഴിലാളികളെ തീവെച്ചു കൊല്ലാനായിരുന്നു ഇയാളുടെ പദ്ധതി. അഞ്ജാര്‍ ടൗണില്‍ നിന്ന് ഇയാള്‍ തൊഴിലാളികളെ ജോലിക്ക് കൊണ്ടുപോകാറുണ്ടെന്നും എന്നാല്‍ അവര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്നും പരാതിക്കാരനായ ബദരീനാഥ് ഗംഗാറാം യാദവ് ആരോപിച്ചു.
തൊഴിലാളികള്‍ സൗജന്യമായി ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പ്രതി പ്രകോപിതനാകുകയും ശനിയാഴ്ച അവരുടെ കുടിലുകള്‍ക്ക് തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് രാവിലെ, ഖാത്രി ബസാറിനടുത്ത് താമസക്കാര്‍ ഉറങ്ങിക്കിടന്നിരുന്ന കുടിലുകള്‍ക്ക് തീവെച്ചു. തീവെയ്പ്പില്‍ ഒരു പൂച്ചയും അവളുടെ ഏഴ് പൂച്ചക്കുട്ടികളും തീയില്‍ ചത്തു.
അഗ്നിശമനസേനയെത്തുമ്പോഴേക്കും വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വസ്തുക്കളും കത്തിച്ചാമ്പലാവുകയും വീടില്ലാത്ത അവസ്ഥയിലാവുകയും ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.






