
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.ആര്‍ക്കും റേഷന്‍ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഈ മാസം 31നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
ഈ മാസം 15,16,17 തിയതികളില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും നിര്‍ത്തിവച്ച് മസ്റ്ററിങ്ങ് നടത്താനുള്ള ക്രമീകരണം സംസ്ഥാന ഭക്ഷ്യ വകുപ്പ് ഒരുക്കിയിരുന്നു. എന്നാല്‍ ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ മൂലം മസ്റ്ററിങ് സുഗമമായി നടത്താനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് മസ്റ്ററിങ് താല്കാലികമായി നിര്‍ത്തിവെക്കന്‍ വകുപ്പ് തീരുമാനിച്ചത്.
ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇ പോസ് മെഷീനിലെ തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈദരാബാദ് എന്‍.ഐ.സിയും സംസ്ഥാന ഐടി മിഷനും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തകരാര്‍ പൂര്‍ണമായി പരിഹരിച്ചശേഷം മസ്റ്ററിങ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്.






