
1970 ല് അതായത് ഏകദേശം 54 വര്ഷങ്ങള്ക്കുമുമ്പ് ഓഹോയില് പ്രസിദ്ധീകരിച്ച ഒരു പത്രത്തിന്റെ മുന് പേജിലെ വാര്ത്തയാണ് ഇപ്പോള് ശാസ്ത്രലോകത്തിന് കൗതുകമായി മാറിയിരിക്കുന്നത്. വാര്ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു 'ഇന്ന് കോടികണക്കിന് ആളുകള് സൂര്യഗ്രഹണം കാണുന്നു. ഇനി കാണുക 2024ല്' -എന്നാണ്. തലക്കെട്ടിനൊപ്പം സൂര്യഗ്രഹണത്തിന്റെ ആറ് ചിത്രങ്ങളും പേജിലുണ്ട്. 54 വര്ഷങ്ങള്ക്ക് മുന്പ് തന്നെ 2024 ല് വരാനിരിക്കുന്ന സൂര്യഗ്രഹണത്തെ പ്രവചിക്കുന്ന ഈ വാര്ത്തയാണ് സോഷ്യല് മീഡിയയില് വലിയ ചര്ച്ചയാകുന്നത്.
2024 ഏപ്രില് എട്ടിനാണ് ആ ദിവസം. വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും ഉടനീളം ദൃശ്യമാകാന് സാധ്യതയുള്ള സൂര്യഗ്രഹം നാല് മിനിറ്റും 28 സെക്കറ്റുകളുമാണ് നീണ്ടു നില്ക്കുക. പൂര്ണ സൂര്യഗ്രഹണം അപൂര്വമായാണ് സംഭവിക്കുന്നതെങ്കിലും വളരെ പെട്ടന്ന് തന്നെ മറ്റൊന്ന് കൂടി കാണാനുള്ള ഭാഗ്യമുണ്ട്. 2026 ഓഗസ്റ്റ് 12 ന് ഗ്രീന്ലാന്ഡ്, ഐസ്ലന്ഡ്, അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളില് മറ്റൊരു സംമ്പൂര്ണ സൂര്യഗ്രഹണം കാണാന് ആകുമെന്നാണ് പ്രവചനം.
ഈ പഴയ പത്ര വാര്ത്ത ചിത്രം @massimo എന്ന എക്സ്സ് അക്കൗണ്ട് വഴിയാണ് പങ്കുവയ്ക്കപ്പെട്ടത്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി എത്തുന്നത്. 'അന്ന് ഈ പത്രവാര്ത്ത വായിച്ച ആളുകള് ഒരുപക്ഷേ 2024ല് ലോകം ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിട്ടുണ്ടാവാം' എന്നായിരുന്നു- ഒരാളുടെ കമന്റ്. 'ശാസ്ത്രവും ചരിത്രവും ഒരൊറ്റ പത്ര പേജില്'- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'അന്ന് പ്രവചിച്ച ദിനം നമ്മള് കാണാന് പോകുന്നു' എന്നും കമന്റുകളുണ്ടായിരുന്നു.







Comments