
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ രണ്ട് ജനപ്രിയ മോഡലുകളാണ് വാഗണ്‍ആര്‍, ബലേനോ എന്നിവ. വില്‍പ്പന ചാര്‍ട്ടുകളില്‍ സ്ഥിരമായി ടോപ് 10 ചാര്‍ട്ടില്‍ ഇടംനേടുന്ന കാറുകളാണ് ഇവ. എന്നാല്‍ ബലേനോ, വാഗണ്‍ആര്‍ എന്നിവയുടെ 16,000 യൂണിറ്റുകള്‍ വെള്ളിയാഴ്ച തിരിച്ചുവിളിക്കാന്‍ മാരുതി സുസുക്കി ഇന്ത്യ തീരുമാനിച്ചു. ഫ്യുവല്‍ പമ്പ് മോട്ടോറില്‍ കണ്ടെത്തിയ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് മാരുതി സുസുക്കി വെള്ളിയാഴ്ച റെഗുലേറ്ററി ഫയലിംഗില്‍ സൂചിപ്പിച്ചു.
2019 ജൂലൈ 30-നും 2019 നവംബര്‍ ഒന്നിനും ഇടയില്‍ നിര്‍മ്മിച്ച ബലേനോയുടെ 11,851 യൂണിറ്റുകളും വാഗണ്‍ആറിന്റെ 4,190 യൂണിറ്റുകളും തിരിച്ചുവിളിക്കുന്നതായാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഫ്യുവല്‍ പമ്പ് മോട്ടോറില്‍ കണ്ടെത്തിയ പ്രശ്നം എഞ്ചിന് സ്തംഭനത്തിലേക്കും സ്റ്റാര്‍ട്ടിംഗ് പ്രശ്നത്തിലേക്കും നയിച്ചേക്കാമെന്ന കാരണം കൊണ്ടാണ് വണ്ടികള്‍ തിരിച്ചുവിളിക്കുന്നത്. പ്രശ്നബാധിത കാറുകളുടെ ഉടമകളെ മാരുതി സുസുക്കിയുടെ അംഗീകൃത ഡീലര്‍ ജീവനക്കാര്‍ ബന്ധപ്പെടും.
തകരാറുള്ള ഭാഗങ്ങള്‍ സൗജന്യമായി മാറ്റി നല്‍കുമെന്നും മാരുതി സുസുക്കി പ്രസ്താവനയില്‍ അറിയിച്ചു. ഇതിന് മുമ്പ് കഴിഞ്ഞ ജൂലൈയില്‍ മാരുതി 87,000 യൂണിറ്റ് എസ്-പ്രസ്സോ, ഇക്കോ വാനുകളും തിരിച്ചുവിളിച്ചിരുന്നു. സ്റ്റിയറിംഗ് വീല്‍ സജ്ജീകരണത്തില്‍ തകരാര്‍ കാരണമായിരുന്നു തിരിച്ചുവിളിക്കല്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച വാഹനങ്ങള്‍ക്കായിരുന്നു പ്രശ്നം കണ്ടത്. എസ്പ്രെസ്സോ, ഈക്കോ വാന്‍ ഉടമകളോടും പണമൊന്നും വാങ്ങാതെ തകരാര്‍ പരിഹരിച്ച് നല്‍കുകയായിരുന്നു മാരുതി. മാത്രമല്ല മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റിന്റെ തകരാര്‍ കാരണം രണ്ട് വര്‍ഷം മുമ്പ് സിയാസ്, വിറ്റാര ബ്രെസ, XL6 പെട്രോള്‍ വേരിയന്റുകളുള്‍പ്പെടെ വിവിധ മോഡലുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. അന്ന് ഏകദേശം രണ്ട് ലക്ഷത്തോളം യൂണിറ്റുകളാണ് തകരാര്‍ കാരണം തിരികെ ഷോറൂമിലെത്തിച്ചത്.






