മുംബൈ: മുംബൈയിലെ ഹുക്ക ബാറില്‍ നടന്ന റെയ്ഡില്‍ കൊമേഡിയനും റിയാലിറ്റി ടിവി താരവുമായ മുനാവര്‍ ഫാറൂഖി അടക്കം 14 പേര് പിടിയില്‍. ബിഗ് ബോസ് 17 വിജയി ആണ് മുനാവര്‍ ഫാറൂഖി. ഇദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും പിന്നീട് പോലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
നഗരത്തിലെ ഫോര്‍ട്ട് മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹുക്ക പാര്‍ലറില്‍ രാത്രിയാണ് റെയ്ഡ് നടന്നത് 4,400 രൂപയും 13,500 രൂപ വിലയുള്ള ഒമ്പത് ഹുക്ക പാത്രങ്ങളും പിടിച്ചെടുത്തു. രാത്രി 10.30ന് ആരംഭിച്ച റെയ്ഡ്് പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടു.
സിഗരറ്റ്, പുകയില ഉത്പന്നങ്ങളുടെ നിയമപ്രകാരം പാര്‍ലറിനെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു. ഫാറൂഖിയും കൂട്ടുകാരും സംഘം ചേര്‍ന്ന് പുകയില ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഹാസ്യതാരവും യു ട്യൂബ് താരവുമെന്ന നിലയിലാണ് ഏതാനും വര്‍ഷങ്ങളായി മുനാവര്‍ ഫറൂഖി പ്രശസ്തനായത്. തന്റെ ഹാസ്യ പരിപാടിയില്‍ ഹിന്ദു ദേവതമാര്ക്കെതിരെ നടത്തിയ പരാമര്‍ശത്തെ മതവികാരം വ്രണപ്പെടുത്തിയതിന് ഒരു മാസം ജയിലില്‍ കിടന്നിരുന്നു. വലത് തീവ്രശക്തികളുടെ ഭീഷണിയെ തുടര്‍ന്ന് കുറച്ചുകാലം സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു.






