കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ ദിലീപ് ഘോഷിനെതിരെ കേസെടുത്ത് പോലീസ്. ദുര്‍ഗാപൂര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു അഭിഭാഷകനടക്കം രണ്ട് പേരാണ് പരാതിക്കാര്‍.
ഐപിസി സെക്ഷന്‍ 504, 509 എന്നിവ പ്രകാരമാണ് കേസ്. മമത ബാനര്‍ജിയുടെ പിതൃത്വത്തെ ചോദ്യം ചെയ്ത് ദിലീപ് ഘോഷ് നടത്തിയ പ്രസംഗമാണ് വിവാദമായത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 'ഗോവയില്‍ പോകുമ്പോള്‍, താന്‍ ഗോവയുടെ മകളാണെന്ന് പറയുന്നു. ത്രിപുരയില്‍ പോകുമ്പോള്‍ ത്രിപുരയുടെ മകളാണെന്ന് പറയുന്നു. ആദ്യം ഇതില്‍ ഒരു വ്യക്തത വരുത്തുക. ആരുടെയെങ്കിലും മകളായിരിക്കുക എന്നത് നല്ലതല്ല. ബംഗാളിന് അവരുടെ സ്വന്തം മകളെയാണ് വേണ്ടത്'- ദിലീപ് പറയുന്നു.
ഈ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ദിലീപ് ഘോഷിന്റെ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. ദിലീപിന്റെ പരാമര്‍ശത്തെ ബിജെപിയും തള്ളിപ്പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഒരു വ്യക്തിയോടും പ്രത്യേകിച്ച്, മുഖ്യമന്ത്രിയെ പോലെയുള്ള ഒരാളെ കുറിച്ച് പറയാന്‍ പാടില്ലാത്തതായിരുന്നുവെന്നും ബിജെപി പ്രതികരിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അവരുടെ രാഷ്ട്രീയ അവകാശവാദത്തെയാണ് താന്‍ പൊളിച്ചുകാണിച്ചതെന്നും ഘോഷ് പറയുന്നു.






