ന്യൂഡല്‍ഹി: മെഴ്സിഡസ് കാറില്‍ കറങ്ങിനടന്ന് ലഹരി മരുന്ന് വില്‍പ്പന നടത്തിയ മുന്‍ ദേശീയ ഗുസ്തി താരവും കൂട്ടാളിയും പിടിയില്‍. ഉത്തര ഡല്‍ഹിയില്‍ നിന്നാണ് താരത്തെ പിടികൂടിയത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് കൊണ്ടുവരുന്ന ലഹരി വസ്തുക്കള്‍ ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇവര്‍ വിതരണം ചെയ്യുകയായിരുന്നു.
വസീരാബാദ് മേല്‍പ്പാലത്തില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കാര്‍ പരിശോധനയ്ക്കായി പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയെന്നും പോലീസ് വ്യക്തമാക്കി.
ഹനുമന്തെ (30), അദ്നാന് അഹമ്മദ് (32) എന്നിവരാണ് പിടിയിലായത്. രാജ്യന്തര ജൂനിയര്‍ തലത്തില്‍ വരെ മത്സരിച്ചിട്ടുള്ള ഹനുമന്തെ, 2014ലുണ്ടായ പരിക്കിനെ തുടര്‍ന്ന് ഏറെക്കാലം കിടപ്പിലായിരുന്നു. ഇതോടെ കായികരംഗം വിട്ട ഹനുമന്തെ പിന്നീട് ലഹരികടത്ത് സംഘത്തിനൊപ്പം ചേരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്വന്തം ആവശ്യത്തിനും കൂടിയാണ് ഇയാള്‍ ലഹരി വാങ്ങിയിരുന്നതെന്ന പോലീസ് വ്യക്തമാക്കി.
കാര്‍ മെക്കാനിക്കും വര്‍ക്ഷോപ്പ് ഉടമയുമാണ് അദ്നാന് അഹമ്മദ്. ലോക്ഡൗണ്‍ കാലത്താണ് ഇവര്‍ ഒരുമിച്ച് കള്ളക്കടത്ത് ആരംഭിച്ചതെന്നും പോലീസ് പറയുന്നു.






