
ഇംഫാല്‍ : വിവാദമായതോടെ ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞദിവസമിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. സംസ്ഥാനത്ത് ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധിയില്ലാത്തത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.
ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയാണ് ഉത്തരവിറക്കിയത്. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവിൽ പറഞ്ഞിരുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഉത്തരവ്.
മാര്‍ച്ച് 31നാണ് ഇക്കുറി ഈസ്റ്റര്‍. മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് മണിപ്പൂർ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്ത് വന്നിരുന്നു.






