
തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചതായി പരാതി. കാട്ടാക്കട അരുമാളൂർ സ്വദേശി ജയകൃഷ്ണന് നേരെയാണ് ആക്രമണം നടന്നത്.
സാമൂഹ്യവിരുദ്ധർ ചേര്‍ന്ന് സുഹൃത്തിനെ കാണാൻ പോയ ഇയാളെ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കുഴയ്ക്കാട് ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിൽ പോകുകയായിരുന്ന ജയകൃഷ്ണനെ ചവിട്ടിവീഴ്ത്തി ആക്രമികളിൽ ഒരാൾ ജയകൃഷ്ണന്റെ ദേഹത്ത് കയറിയിരുന്ന് ചെവി കടിച്ചുപറിക്കുകയായിരുന്നു.
ജയകൃഷ്ണനെ ബൈക്ക് തടഞ്ഞുനിർത്തിയാണ് സാമൂഹ്യ വിരുദ്ധർ ആക്രമിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ജയകൃഷ്ണന്റെ ചെവിയിൽ പതിനഞ്ചോളം തുന്നലുകളുണ്ട്. ആക്രമികളെ മുൻപരിചയമില്ലെന്ന് യുവാവ് പറഞ്ഞു. ജയകൃഷ്ണനും സുഹൃത്തും യാത്ര ചെയ്ത ബൈക്കും അക്രമികൾ നശിപ്പിച്ചു.






