ന്യൂഡല്‍ഹി: അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൂടി മരിച്ചനിലയില്‍ കണ്ടെത്തി. ഒഹായോ സംസ്ഥാനത്താണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ന്യുയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. മരണകാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. ഈ വര്‍ഷം യു.എസില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്ന പത്താമത്തെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയാണിത്.
ഉമ സത്യസായ് ഗഡ്ഡെ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ക്ലീവ്ലാന്‍ഡിലാണ് ഉമ സത്യസായ് പഠിച്ചിരുന്നത്. ഇന്ത്യയിലുള്ള കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നത് അടക്കം എല്ലാ സഹായങ്ങളും നല്‍കുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
ജനുവരിയില്‍ ഹൈദരാബാദ് സ്വദേശിയായ സയ്ദ് മസഹീര് അലിക്ക് ചിക്കാഗോയില്‍ ക്രൂരമായ ആക്രമണം നേരിട്ടിരുന്നു. ഇന്ത്യയിലെ പുര്ഡ്യൂ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി നീല്‍ ആചാര്യ, ജോര്‍ജിയയില്‍ വിവേക് സൈനി എന്നിവരടക്കം 10 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. മാര്‍ച്ചില്‍ മുഹമ്മദ് അബ്ദുള്‍ അരാഫത്ത് എന്ന വിദ്യാര്‍ത്ഥിയെ ക്ലീവ്ലാന്ഡില് നിന്ന് തട്ടിക്കൊണ്ടുപോയ അജ്ഞാത സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചിരുന്നു.






