
കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി തുടങ്ങി പിന്നീട് ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന താരമാണ് മഞ്ജു പിള്ള. സ്വഭാവ കഥാപാത്രങ്ങളും കഥാപാത്രങ്ങളും ഹാസ്യ വേഷങ്ങളും അനായാസം കൈകാര്യം ചെയ്യാറുണ്ട് താരം. ഹോം, ഫാലിമി, ടീച്ചർ എന്നീ ചിത്രങ്ങളിലടക്കം ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ആരാധകരുടെ ഇഷ്ടം നേടാന്‍ താരത്തിന് കഴിഞ്ഞു. റിയാലിറ്റി ഷോ ജഡ്ജായും കോമഡി സീരിയലുകളിലൂടെയും ടെലിവിഷന്‍ രംഗത്തും താരം തിളങ്ങി. അടുത്തിടെ മഞ്ജുവുമായി വേര്‍പിരിഞ്ഞുവെന്ന് ഭര്‍ത്താവും ഛായാഗ്രാഹകനുമായ സുജിത്ത് വാസുദേവ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2020 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും അടുത്തിടെ വിവാഹമോചനത്തിന്റെ നിയമനടപടികള്‍ പൂര്‍ത്തിയായെന്നുമാണ് സുജിത്ത് അഭിമുഖത്തില്‍ പറഞ്ഞത്
ഇപ്പോഴിതാ അമ്മ സരസ്വതിയമ്മയുമായുള്ള ആത്മബന്ധത്തെ കുറിച്ചും അവര്‍ ജീവിതത്തില്‍ നല്കിയ പിന്തുണയെ കുറിച്ചും മനസ് തുറയ്ക്കുകയാണ് മഞ്ജു. അമ്മയില്ലാത്ത ഒരു കാലത്തെ കുറിച്ച് ചിന്തിക്കാന്‍ പറ്റില്ലെന്നും സങ്കടത്തിലും സന്തോഷത്തിലും അമ്മ എന്നും കൂടെയുണ്ടായിരുന്നെന്നും മഞ്ജു പറയുന്നു.
‘‘വിഷമം വന്നാലും സന്തോഷം വന്നാലും അമ്മയാണ് കൂടെ നിൽക്കുന്നത്. ഞാനും അമ്മയും തമ്മില്‍ ഭയങ്കര വഴക്കുകളൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കുറച്ച് കാലമായി വഴക്കൊന്നും ഉണ്ടാക്കാറില്ല. നമ്മുടെ മാതാപിതാക്കള്‍ക്ക് നമുക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ സ്വത്ത് എന്ന് പറയുന്നത് പണമല്ല, മനസമാധാനമാണ്. അതുകൊണ്ട് ഞാന്‍ വഴക്കുണ്ടാക്കാനോ പ്രശ്നമുണ്ടാക്കാനോ ഇപ്പോള്‍ നില്‍ക്കാറില്ല. പണ്ടൊക്കെ വഴക്കുണ്ടാക്കി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്.
ഞാന്‍ ദയയെ പ്രസവിച്ച ശേഷം ഡോക്ടര്‍ എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ എനിക്ക് എന്റെ അമ്മയെ കാണണം എന്നാണ് ഞാന്‍ ആദ്യം പറഞ്ഞത്. ഒരു പ്രസവം വേണ്ടിവന്നു നമുക്ക് നമ്മുടെ അമ്മയെ മനസിലാക്കാന്‍ എന്ന് പറയുന്നത് വലിയ പരാജയമാണ്. ശരിക്കും അങ്ങനെ നമ്മള് പറയാന്‍ പാടില്ല. പക്ഷേ അതാണ് യാഥാര്‍ഥ്യം. പ്രസവ വേദന അനുഭവിച്ചുകഴിയുമ്പോഴാണ് അമ്മമാര്‍ നമുക്ക് വേണ്ടി അനുഭവിച്ച വേദനകളും യാതനകളും നമുക്ക് മനസിലാകൂ.
അമ്മ എനിക്ക് തരുന്ന പിന്തുണ വലുതാണ്. വീണുപോകുമ്പോഴെല്ലാം അമ്മയാണ് താങ്ങായി നിന്നത്. പണ്ടൊരിക്കല്‍ ആത്മഹത്യയെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു. അങ്ങനെയൊരു അവസ്ഥയായിരുന്നു. ആ സമയത്ത് എന്തോ എന്റെ ഉള്ളിലുണ്ടെന്ന് അമ്മയ്ക്കറിയാം. ഒരിക്കല്‍ നോട്ടില്‍ കോട്ടയത്ത് പോകുകയായിരുന്നു. ഒരു റെയില്‍വേ പാളം ക്രോസ് ചെയ്ത് പോകാനുണ്ടായിരുന്നു. ട്രെയ്ന്‍ ഒരെണ്ണം പുറപ്പെടാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. അതിന്റെ മുന്നിലെത്തിയപ്പോ അമ്മ പറഞ്ഞു, ‘നിന്റെ ആഗ്രഹം ഇപ്പോ ഇതല്ലേ, വാ നമുക്ക് ഒരുമിച്ച് പോകാം’ന്ന്. അതിനുശേഷം ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഒരു 25 വര്‍ഷം മുമ്പ് നടന്ന സംഭവമാണിത്....’ മഞ്ജു പറയുന്നു. ധന്യാ വര്‍മയുമായി നടത്തിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.






