
പലപ്പോഴും അധിനിവേശ ജീവികള്‍ തദ്ദേശീയ ഇനങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളിയാകാറുണ്ട്. ഇത്തരത്തില്‍ തദ്ദേശീയ ഇനങ്ങള്‍ക്ക് അധിനിവേശ ഇനങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ കുറയ്ക്കാന്‍ വിവിധ രാജ്യങ്ങള്‍ പലപ്പോഴായി കൊന്നൊടുക്കല്‍ പോലുള്ള കര്‍ശന നടപടി സ്വീകരിക്കാറുണ്ട്. അമേരിക്കയില്‍ ഇത്തരത്തില്‍ കൊന്നൊടുക്കാന്‍ ഒരുങ്ങുന്നത് അഞ്ച് ലക്ഷം മൂങ്ങകളേയാണ്. തദ്ദേശീയ ഇനമായ സ്പോട്ടട് മൂങ്ങകളെ സംരക്ഷിക്കാനാണ് മത്സ്യ വനം വകുപ്പിന്റെ കര്‍ശന നടപടി. ബാര്‍ഡ് ഔള്‍ എന്നയിനം മൂങ്ങകളെയാണ് വലിയ രീതിയില്‍ കൊന്നൊടുക്കാനുള്ള സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
നവംബര്‍ മാസത്തില്‍ അവതരിപ്പിച്ച ശുപാര്‍ശയ്ക്ക് അടുത്തിടെയാണ് അമേരിക്കയില്‍ ചര്‍ച്ചയാവുന്നത്. ശുപാര്‍ശയ്ക്കെതിരെ പരിസ്ഥിതി സ്നേഹികളും മൃഗസംരക്ഷകരും മുന്നോട്ട് വന്നതോടെയാണ് ഇത്. ശുപാര്‍ശ തള്ളണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത്തരമൊരു കടുത്ത നടപടി അവലംബിച്ചില്ലെങ്കില്‍ പ്രാദേശിക ഇനം വംശനാശം സംഭവിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. മൂന്ന് ദശാബ്ദത്തിനുള്ളിലാണ് അഞ്ച് ലക്ഷത്തോളം ബാര്‍ഡ് ഇനം മൂങ്ങകളെ കൊന്നൊടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് യുഎസ് എഫ്ഡബ്ല്യുഎസ് മുന്നോട്ട് വച്ചിരിക്കുന്ന ശുപാര്‍ശ.
നടപടി കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ഒറിഗോണ്‍ എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക ഇനം മൂങ്ങകളെ സംരക്ഷിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. വെടിവച്ച് ഇവയെ കൊല്ലാനുള്ള ശ്രമം സ്വാഭാവിക ആവാസ മേഖലയുടെ താളം കെടുത്തുമെന്നും അറിവില്ലാത്തവരുടെ തോക്ക് ഉപയോഗം സ്പോട്ടഡ് മൂങ്ങകളുടെ തന്നെ ജീവന് ആപത്താവുമെന്നാണ് ശുപാര്‍ശയെ എതിര്‍ക്കുന്നവരുടെ വാദം. കിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ബാര്‍ഡ് മൂങ്ങകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിയത്. എന്നാല്‍ സ്വാഭാവിക ആവാസ സ്ഥലങ്ങളില്‍ മനുഷ്യന്റെ കൈ കടത്തലുകളുണ്ടായതാണ് മൂങ്ങകള്‍ ഇത്തരത്തില്‍ പലായനം ചെയ്യാന്‍ കാരണമായതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നത്.






