
ഈ ലോകത്ത് വധശിക്ഷയ്ക്ക് വിധേയരായി ജയിലില്‍ കഴിയുന്ന നിരവധി തടവുകാരുണ്ട്. വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുന്‍പ് ഈ തടവുകാരോടെല്ലാം അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കാറുണ്ട്. നമ്മളില്‍ ചിലരെങ്കിലും ഇത്തരം രംഗങ്ങള്‍ സിനിമകളിലൂടെ കണ്ടിട്ടുണ്ടാകും. അതുപോലെ യുഎസ്സിലെ ഒരു ജയിലിലെ തടവുകാരനോടും ഇതേ ചോദ്യം ചോദിച്ചു. എന്നാല്‍ അയാളുടെ ഉത്തരം കേട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ ഞെട്ടിയിരിക്കുകയാണ്.
മൈക്കല്‍ ഡിവെയ്ന്‍ എന്ന വ്യക്തയാണ് ഇരട്ടക്കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത്. 2002 -ലാണ് ഇയാള്‍ രണ്ട് സ്ത്രീകളെ വെടിവെച്ചുകൊന്നത്. കുറ്റകൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താന്‍ നിരപരാധിയാണ് എന്നും എന്താണ് സംഭവിച്ചത് എന്നോ സംഭവിക്കുന്നത് എന്നോ തനിക്ക് അറിയില്ല എന്നും എപ്പോഴും സ്മിത്ത് ആരോപിച്ചിരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി ജയിലില്‍ തടവിലാണ് 41 കാരനായ സ്മിത്ത്. ഏപ്രില്‍ നാലിന് പ്രദേശിക സമയം രാവിലെ 10. 20 -നാണ് ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തലേദിവസം രാത്രി അവസാനമായി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവസരം ജയിലുദ്യോഗസ്ഥര്‍ സ്മിത്തിന് നല്കി. സാധാരണ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ തടവുകാര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവസരം ഇവിടെ ലഭിക്കാറുണ്ട്. അവസാനത്തെ ആഗ്രഹം എന്നോണമാണ് ഇത് നടപ്പിലാക്കുന്നത്.
എന്നാല്‍, സ്മിത്തിന് അവസാനമായി കഴിക്കണം എന്ന് ആവശ്യപ്പെട്ട ഭക്ഷണം കേട്ടപ്പോള്‍ ജയിലുദ്യോഗസ്ഥര്‍ അമ്പരന്നു പോവുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ജയിലിലെ ആഹാരമാണ് സ്മിത്ത് കഴിക്കുന്നത്. അവസാനമായി എന്ത് ഭക്ഷണം വേണമെന്ന് ചോദിച്ചപ്പോള്‍, 'ജയില്‍ കാന്റീനില്‍ രാവിലത്തെ ഭക്ഷണം ബാക്കിയിരിപ്പുണ്ട്, തനിക്ക് അത് തന്നാല്‍ മതി' എന്നായിരുന്നു സ്മിത്തിന്റെ ഉത്തരം. അങ്ങനെ ആ ഭക്ഷണമാണ് അവസാന രാത്രി സ്മിത്ത് കഴിച്ചത്. വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സ്മിത്ത് പറഞ്ഞത്, 'താന്‍ ചെയ്യാത്ത കുറ്റത്തിന് മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു.






