
കൊച്ചി: കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ഥികളില്‍ അതിസമ്പന്നര്‍ ആറുപേര്‍. രാഹുല്‍ ഗാന്ധി, രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, ഫ്രാന്‍സിസ് ജോര്‍ജ്, ശശി തരൂര്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് ഈ പട്ടികയിലുള്ളത്. ഇവര്‍ക്ക് ആറുകോടിക്കു മുകളില്‍ ആസ്തിയുണ്ട്. സംസ്ഥാനത്ത് അതിസമ്പന്നര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് തിരുവനന്തപുരത്തും കോട്ടയത്തുമാണ്.
അതിസമ്പന്നരില്‍ രണ്ടുപേര്‍ക്കു മാത്രമാണു പത്തുകോടിക്കു മുകളില്‍ ആസ്തിയുള്ളത്. രാജീവ് ചന്ദ്രശേഖറിനും (14.40 കോടി), തുഷാര്‍ വെള്ളാപ്പള്ളിക്കും (41.96 കോടി). നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു ആസ്തികള്‍ സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. മലയാളിയല്ലെങ്കിലും വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് 9.24 കോടിയാണ് ആസ്തി.
സുരേഷ് ഗോപിയുടെ ആസ്തി 8.59 കോടിയാണ്. കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് 6.88 കോടി രൂപ ആസ്തിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 1.44 കോടി രൂപയുടെ ആസ്തി വേറെയുമുണ്ട്. തിരുവനന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. ശശി തരൂരിനുള്ളത് 6.75 കോടിയുടെ ആസ്തിയാണ്. മേല്‍പ്പറഞ്ഞ ആസ്തിക്കു പുറമേ രാഹുല്‍ ഗാന്ധിക്ക് 16.36 കോടിയുടെ നിക്ഷേപമുണ്ട്. സുരേഷ് ഗോപിയുടെ നിക്ഷേപം ഒരു കോടി രൂപയും ഭാര്യയുടേത് 1.18 കോടിയുമാണ്.
ഫ്രാന്‍സിസ് ജോര്‍ജിന് 61.48 ലക്ഷം രൂപ, ഭാര്യയ്ക്ക് 14.41 ലക്ഷം, തുഷാര്‍ വെള്ളാപ്പള്ളിക്ക് 4.15 കോടി, ഭാര്യയ്ക്കു 2.09 കോടി, ശശി തരൂരിന് 49.31 കോടി, രാജീവ് ചന്ദ്രശേഖറിന് ബാങ്കില്‍ 20.92 ലക്ഷം, മറ്റുള്ളവ 118.96 കോടി, ഭാര്യയ്ക്ക് എട്ടു കോടി എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നിക്ഷേപങ്ങള്‍.
കോട്ടയത്തെ ഇടതുസ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ ആസ്തി 1.84 കോടിയാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റും മുന്‍ ബാങ്ക് മാനേജരുമായ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 15.59 ലക്ഷം രൂപയാണ്. ഭാര്യയുടെ വരുമാനം 6.18 ലക്ഷം. തരൂരിനും രാജീവ് ചന്ദ്രശേഖറിനുമെതിരേ തിരുവനന്തപുരത്തു മത്സരിക്കുന്ന പന്ന്യന്‍ രവീന്ദ്രന്റെ ആസ്തി 11 ലക്ഷം രൂപയാണ്. എം.പി. പെന്‍ഷനാണ് അദ്ദേഹത്തിന്റെ വരുമാനം.






