
കഴിഞ്ഞ ജനുവരിയിലായിരുന്നു ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാമന്റയും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയ്നര്‍ നൂപുര്‍ ശിഖാരയുടെയും വിവാഹം നടന്നത്. മുംബൈയില്‍ നടന്ന രജിസ്റ്റര്‍ വിവാഹത്തിന് ശേഷം ഉദയ്പുരില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങുകളിലെല്ലാം ആമിര്‍ഖാന്റെ മുന്‍ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവും ഉണ്ടയിരുന്നു.
ഫാഷനില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന കിരണ്‍ റാവു ഓരോ ചടങ്ങിലും ഓരോ രീതിയിലുളള സാരിയാണ് പരീക്ഷിച്ചത്. ഇപ്പോഴിതാ അന്നത്തെ സാരിയെ കുറിച്ചുളള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കിരണ്‍ റാവു. സംഗീത് ചടങ്ങിന്റെ സമയത്ത് ധരിച്ച ചുവപ്പ് സാരിക്ക് 60 വര്‍ഷം പഴക്കമുണ്ടെന്നും അത് തന്റെ അമ്മയുടെ സാരിയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് കിരണ്‍.
അത് എന്റെ അമ്മയുടെ വിവാഹസാരിയാണ്. അന്നാണ് ഞാന്‍ ആ ബനാറസി സാരി ആദ്യമായി ധരിക്കുന്നത്. കൗമാരപ്രായത്തില്‍ എല്ലാവരും ഫാഷനിലെല്ലാം അതീവശ്രദ്ധ പുലര്‍ത്തുന്ന സമയമാണ്. എന്നാല്‍ അന്നത്തെ കാലത്ത് ട്രെന്‍ഡിന് അനുസരിച്ചുളള വസ്ത്രങ്ങള്‍ വാങ്ങാന്‍ സാമ്പത്തികമായി ശേഷിയുണ്ടായിരുന്നില്ല.
കോളേജില്‍ പഠിക്കുമ്പോഴെല്ലാം കുര്‍ത്തിയായിരുന്നു വേഷം. പിന്നെ ഫാഷന്‍ സ്ട്രീറ്റില്‍ നിന്ന് വാങ്ങുന്ന വസ്ത്രങ്ങളും. ബോളിവുഡില്‍ ഇടം കണ്ടെത്തിയതിന് ശേഷം വസ്ത്രങ്ങളുടെയും സ്റ്റൈലിനെറയും കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
ആമിര്‍ ഖാനൊപ്പം പാരിസിലും മിലാനിലുമെല്ലാം യാത്ര പോകുമ്പോള്‍ അവിടുത്തെ കടകളില്‍ കയറി നോക്കും. ഒരു ലക്ഷം രൂപ വരുന്ന വസ്ത്രങ്ങള്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയിട്ടുണ്ട്. എനിക്ക് നന്നായി ഇഷ്ടപ്പെടുന്ന ഒന്നോ രണ്ടോ വസ്ത്രങ്ങള്‍ മാത്രം വാങ്ങും എന്നിട്ട് അത് എന്റേതായ രീതിയില്‍ സ്റ്റൈല്‍ ചെയ്യും- കിരണ്‍ പറയുന്നു.
സംഗീത ചടങ്ങില്‍ ഗോള്‍ഡന്‍ പ്രിന്റുളള ചുവപ്പ് ബനാറസി സാരിയും കിരണ്‍ വ്യത്യസ്തമായി സ്റ്റൈല്‍ ചെയ്തിരുന്നു. വീതിയുളള കറുപ്പ് നിറത്തിലുളള ഒരു ബെല്‍റ്റ് ഈ സാരിക്ക് മുകളില്‍ കിരണ്‍ കെട്ടിയിരുന്നു. ഇതിനൊപ്പം ടര്ട്ടല് നെക്ക് വരുന്ന കറുപ്പ് ബ്ലൗസാണ് പെയര്‍ ചെയ്തിരുന്നത്.






