
തൃശൂര്‍: കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയും ആയിരുന്ന കെ. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ഓര്‍മദിനത്തില്‍ മക്കളുടെ രാഷ്ട്രീയ വാക്ക്പോര്. അടുത്തിടെ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലും തൃശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും തമ്മിലാണു പരസ്യമായി 'ഏറ്റുമുട്ടിയത്'.
പൂങ്കുന്നം മുരളീമന്ദിരത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പത്മജ വേണുഗോപാല്‍ ബി.ജെ.പി. അംഗത്വം വിതരണം ചെയ്തതാണ് മക്കളുടെ പരസ്യപ്പോരിനു പ്രകോപനമായത്. അമ്മയുടെ ഓര്‍മദിനത്തില്‍ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാന്‍ പറ്റിയെന്നു മണലൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ മുരളീധരന് ചോദിച്ചു.
'അമ്മയുടെ ഓര്‍മദിനത്തില്‍ ഇത്തരമൊരു കാര്യം അവര്‍ ചെയ്തതില്‍ എനിക്ക് ദുഃഖമുണ്ട്. അമ്മയുടെ കര്‍മങ്ങള്‍ നടക്കുന്ന ദിവസം ഇത്തരമൊരു രാഷ്ട്രീയ പരിപാടി നടത്തിയത് തരംതാണ നടപടിയായി. ഇത് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നും കോണ്‍ഗ്രസായിരുന്ന, അച്ഛന്റെ നിഴല്‍പറ്റിമാത്രം ജീവിച്ച, ഒരാളായിരുന്നു അമ്മ. അച്ഛന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോഴും ഒരു അല്ലലും അറിയിക്കാതെ ഞങ്ങളെ പോറ്റിവളര്‍ത്തിയ ആളായിരുന്നു.
കുടുംബത്തിലെ ഒരാള്‍ സംഘിപാരമ്പര്യത്തിലേക്കു മാറിയെന്നു കരുതി അമ്മയുടെ ഓര്‍മദിനം അവര്‍ ഉപയോഗിക്കരുതായിരുന്നു. ഇനി കൂടുതല്‍ വിജിലന്റാകും. മുരളീമന്ദിരമെന്ന കെട്ടിടം എനിക്കു വേണമെന്നില്ല. എന്നാല്‍ എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സംഘികള്‍ക്കു വിട്ടുകൊടുക്കില്ല. ഇങ്ങനെ ഒരു നിലപാട് എടുത്തിരുന്നില്ലെങ്കില്‍ ഞാന്‍ സ്വയം ആ വീടിന്റെ അവകാശം അവര്‍ക്ക് എഴുതിക്കൊടുക്കുമായിരുന്നു. 26 കഴിയട്ടെ. അതു കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം'- മുരളീധരന് പറഞ്ഞു.
തൃശൂരില്‍ കെ. മുരളീധരനെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്നായിരുന്നു ബി.ജെ.പി. അംഗത്വ വിതരണം ചെയ്തുകൊണ്ടുള്ള പത്മജ വേണുഗോപാലിന്റെ പ്രതികരണം. 'മുരളീധരനുവേണ്ടി പ്രതാപന് മാറിക്കൊടുത്തതല്ല. നിയമസഭ ലക്ഷ്യമിട്ട് ഒരു കൊല്ലമായി പ്രവര്‍ത്തിക്കുന്നയാളാണ് പ്രതാപന്. മുമ്പ് എന്നെ തോല്‍പ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്.'-പത്മജ പറഞ്ഞു.
മുപ്പതോളം പേര്‍ക്കാണ് അവര്‍ അംഗത്വം നല്‍കിയത്. കോണ്‍ഗ്രസ് പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുരളീമന്ദിരത്തിനു മുമ്പില്‍ പോലീസ് സുരക്ഷയൊരുക്കിയിരുന്നു.






