
ഇന്ന് എല്ലാ മേഖലകളിലും റോബോട്ടുകള്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുക്കഴിഞ്ഞു. ഇപ്പോള്‍ ആളുകള്‍ സ്ഥിരമായി എത്തുന്ന മിക്ക സ്ഥലങ്ങളിലും മനുഷ്യന് പകരം റോബോട്ടുകളാണ് ജോലികള്‍ ചെയ്യുന്നത്. ചില റെസ്റ്റോറന്റുകളും സ്ഥാപനങ്ങളും എല്ലാം ജോലിക്കാരായി റോബോട്ടുകളെ വയ്ക്കാറുണ്ട്. എന്നാല്‍, ചൈനയിലെ ഒരു റെസ്റ്റോറന്റില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ നെറ്റിസണ്‍സിനെ ആകെ അതിശയിപ്പിച്ചിരിക്കുന്നത്.
റോബോട്ടിനെ കണ്ട് ഇത് ശരിക്കുമുള്ള മനുഷ്യനാണോ അതോ റോബോട്ട് ആണോ എന്നതാണ് ആളുകളുടെ സംശയം. ചിലര്‍ അത് റോബോട്ട് തന്നെ എന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ അത് ശരിക്കും ഒരു സ്ത്രീയാണ് എന്ന് പറയുന്നുണ്ട്. വീഡിയോയില്‍ റോബോട്ട്/സ്ത്രീ അവിടെ ഇരിക്കുന്ന ആളുകള്‍ക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്നതും ബില്ല് നല്‍കുന്നതും എല്ലാം കാണാം. ആദ്യം ശരിക്കും ഒരു റോബോട്ട് വേഷത്തില്‍ തന്നെയാണ് യുവതിയെ കാണുന്നത്. എന്നാല്‍, അടുത്തതില്‍ യുവതിയെ ഒരു ജീന്‍സ് പാന്റും ടോപ്പും ധരിച്ചാണ് കാണുന്നത്.
എന്നാല്‍ ഇതെല്ലാം കണ്ട് കാണികള്‍ ഒരുപാട് ആശയകുഴപ്പത്തിലാകില്ല. കാരണം ഇത് ശരിക്കും റോബോട്ടാണോ അല്ലയോ എന്ന കാര്യം വീഡിയോയുടെ കാപ്ഷനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റോബോട്ടിക് ഡാന്‍സ് മൂവ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സേവനം നല്കുന്ന ഒരു ചൈനീസ് റെസ്റ്റോറന്റ് ഉടമ. ഇവരുടെ വീഡിയോ വൈറലായിരിക്കുകയാണ്. അവള്‍ക്ക് നല്ല സപ്പോര്‍ട്ടാണ് കിട്ടുന്നത്. ശരിക്കും റോബോട്ടിനെ പോലെ പെരുമാറാനാവുന്ന അവള് ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയാണ്. റോബോട്ടിക് മൂവ് പഠിച്ച ആളാണ്. അതുപോലെ എഐയെ പോലെ ശബ്ദമാക്കുന്നതിന് വേണ്ടിയുള്ള പരിശീലനവും അവള് നേടിയിട്ടുണ്ട് എന്നും വീഡിയോയുടെ കാപ്ഷനില്‍ പറയുന്നു.






