
വേട്ടയാടലിന്റെ ഞെട്ടിക്കുന്നതും കൗതുകമുണര്‍ത്തുന്നതുമായ ഒട്ടനവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇപ്പോഴിതാ രാജസ്ഥാനിലെ രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങളാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. അതിവിശാലമായ ഭൂപ്രകൃതികൊണ്ട് മനോഹരമാണ് രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്ക്. വിവിധങ്ങളായ പക്ഷികളേയും മൃഗങ്ങളേയും ഒക്കെ ഇവിടെ കാണാം. കടുവകളെ കാണാന്‍ ഏറ്റവും യോജിച്ച ഇടം കൂടിയാണ് ഇത്. ഇവിടെ നിന്ന പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ റിദ്ദി എന്ന കടുവയും അതിന്റെ കുഞ്ഞുങ്ങളും കൂടി ഒരു മുതലയെ വേട്ടയാടി തിന്നുന്നതാണ് കാണുന്നത്.
നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറയുന്നതനുസരിച്ച്, ഇവിടുത്തെ സോണ്‍ 3 -യില്‍ ഏപ്രില്‍ 14 -നാണ് റിദ്ദിയും കുഞ്ഞുങ്ങളും ചേര്‍ന്ന് മുതലയെ കൊന്നത്. ഏപ്രില്‍ 15 -നാണ് നാഷണല്‍ പാര്‍ക്ക് സൂപ്പര്‍വൈസര്‍മാര്‍ കടുവകള്‍ ഒരു മുതലയെ ചവച്ച് തിന്നുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത്. വീഡിയോ തുടങ്ങുമ്പോള്‍ തന്നെ രണ്ട് കടുവകള്‍ അവ വേട്ടയാടിയ മുതലയുടെ അടുത്ത് കിടന്ന് അതിനെ തിന്നുന്ന കാഴ്ചയാണ് കാണുന്നത്. രണ്ട് കടുവക്കുഞ്ഞുങ്ങളും തങ്ങളുടെ പല്ലുകള്‍ അതിന്റെ ശരീരത്തില്‍ ആഴ്ത്തുന്നതും കാണാം.
''രണ്‍തംബോറിലെ പ്രശസ്ത കടുവ റിദ്ദിയും അവളുടെ മൂന്ന് കുഞ്ഞുങ്ങളും 2024 ഏപ്രില്‍ 14 ഞായറാഴ്ച സോണ്‍ 3 -യില്‍ വച്ച് ഒരു മുതലയെ വേട്ടയാടി'' എന്ന് വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കിന്റെ ഔദ്യോഗിക പേജില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ 26,000 -ത്തിലധികം പേര് കണ്ട് കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്, 'ആദ്യമായിട്ടാണ് ഒരു കടുവ മുതലയെ വേട്ടയാടി തിന്നുന്ന കാഴ്ച കാണുന്നത്' എന്നാണ്. ഇത് ആദ്യമായിട്ടല്ല റിദ്ദിയുടേയും കുഞ്ഞുങ്ങളുടേയും വീഡിയോ വൈറലാവുന്നത്. നേരത്തെയും അവയുടെ വിവിധങ്ങളായ വീഡിയോകള്‍ വൈറലായിട്ടുണ്ട്.






