
ഇന്ന് ഭൂരിഭാഗം ആളുകളും ഡയറ്റ് നോക്കുന്നവരാണ്. അതോടൊപ്പം ഡയറ്റിന്റെ പേരില്‍ എന്ത് പരീക്ഷണവും എന്ത് അപകടവും വിളിച്ചു വരുത്തുന്ന നിരവധി ആളുകളുമുണ്ട്. കൃത്യമായ ആഹാരം കൃത്യമായി കഴിക്കുന്നതിന് പകരം ഡയറ്റില്‍ പൊടുന്നനെ പലതും വെട്ടിമാറ്റുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നവരുണ്ട്. എന്തായാലും, ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ആസ്ട്രേലിയയില്‍ നിന്നുള്ള ആനി ഓസ്ബോണ്‍ എന്ന സ്ത്രീയാണ്. 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചാണത്രെ ഇവര്‍ കഴിഞ്ഞത്. ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പുകാലത്താണ് 40 ദിവസം ആനി ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ചത്.
ഒരു വീഡിയോയില്‍ അവര്‍ ഈ ഓറഞ്ച് ജ്യൂസ് മാത്രം ഉള്‍പ്പെടുത്തിയുള്ള ഡയറ്റിനെ വിശേഷിപ്പിച്ചത് 'അത്ഭുതകരമായ അനുഭവം' എന്നാണ്. ശാരീരികമായും വൈകാരികമായും ആത്മീയപരമായും അത് തനിക്ക് നല്ല മാറ്റങ്ങളുണ്ടാക്കി എന്നും അവര്‍ പറയുന്നു. നേരത്തെ തന്നെ പഴങ്ങള്‍ മാത്രം കഴിച്ചു കൊണ്ടുള്ള ഡയറ്റ് പിന്തുടര്ന്നിരുന്ന ആളായിരുന്നു ആനി. അതിനാല്‍ തന്നെ ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചുകൊണ്ടുള്ള ഡയറ്റ് തനിക്കൊരു പ്രശ്നമേ ആയിരുന്നില്ല എന്നാണ് അവര്‍ പറയുന്നത്. വിവിധ പഴങ്ങളെ പരിചയപ്പെടാനുള്ള അവസരമായിരുന്നു തനിക്ക് പഴങ്ങള്‍ മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് എന്നും അവര്‍ പറയുന്നു. തന്റെ ഈ അനുഭവത്തെ അവര്‍ വിശേഷിപ്പിക്കുന്നത് 'സര്‍വീസ് കഴിഞ്ഞ കാര്‍ പോലെ' എന്നാണ്.
എന്നാല്‍, ഇത്തരം ഡയറ്റുകള്‍ വളരെ അപകടകരം കൂടിയാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അത് ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ ആരോഗ്യത്തെ ബാധിക്കാം എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്റെ അഭിപ്രായത്തില്‍, പഴങ്ങളില്‍ പ്രകൃതിദത്തമായ പഞ്ചസാര, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്, അതിനാല്‍ മിതമായ പഴങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ, അമിതമായ പഴങ്ങളുടെ ഉപയോഗവും ഡയറ്റും ഇവര്‍ പിന്തുണക്കുന്നില്ല. കാരണം ഇത് ശരീരഭാരം കൂടാനും പ്രമേഹത്തിനും കാരണമാകുന്നു. ഒപ്പം, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, കാല്‍സ്യം, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ കുറയാന്‍ കാരണമാകുന്നു എന്നും പറയുന്നു.






