
ഹോങ്കാങ്ങില്‍ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഇന്ത്യൻ മസാല ബ്രാൻഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വിഭാഗം എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് നിരോധിച്ചത്. മദ്രാസ് എംഡിഎച്ച് ഉൽപ്പന്നങ്ങളായ കറി പൗഡർ, മിക്സഡ് മസാല പൊടി, സാംമ്പാർ മസാല എന്നിവയിലും എവറസ്റ്റിലെ ഫിഷ് കറി മസാലയിലും കാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്സൈഡ് കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
നാല് ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ സ്ഥിരമായി നടത്തുന്ന ഭക്ഷ്യ വസ്തു നിരീക്ഷണത്തിലാണ് ശേഖരിച്ചതെന്നും ഇവയിൽ മനുഷ്യ ശരീരത്തിന് അനുയോജ്യമല്ലാത്ത എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ഹോങ്കോങ്ങ് കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായ പരിധിക്കപ്പുറം വിൽക്കുന്നത് നിരോധിച്ചതാണ്. കീടനാശിനിയുടെ അവശിഷ്ടങ്ങൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ആരോഗ്യത്തിന് ഹാനികരമല്ലെങ്കിൽ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
അധികൃതർ ഈ ഉൽപ്പന്നങ്ങൾ കടകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കച്ചവടക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സിംഗപ്പൂരിലെ ഫുഡ് ഏജൻസിയും എവറസ്റ്റിലെ ഫിഷ് കറി മസാലയ്ക്ക് നിരോധനമേർപ്പെടുത്തി. ഉടനടി കുറഞ്ഞ അളവിലുള്ള എഥിലീൻ ഓക്സൈഡിൽ നിന്ന് അപകടസാധ്യതയില്ലെന്ന് എസ്എഫ്എ വ്യക്തമാക്കിയെങ്കിലും, രാസവസ്തു മൂലം നീണ്ടുനിൽക്കുന്ന ഉപഭോഗം ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്ന്
അധികൃതർ വ്യക്തമാക്കി.






