
സൗഹൃദങ്ങള്‍ക്ക് വളരെയധികം വിലകല്പ്പിക്കുകയും അവ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവരാണ് നമ്മള് മനുഷ്യന്മാര്. എന്നാല്‍ മനുഷ്യന്മാര്ക്കിടയില് മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും നല്ല സൗഹൃദങ്ങളുണ്ട്. എവിടെപോയാലും മറ്റൊരാള്‍ കൂട്ടുണ്ടാകും. അത്തരത്തില്‍ ഇമ്മിണി വല്യ സൗഹൃദത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്.
ഭാമയും കാമാച്ചിയും തമ്മിലുള്ള നീണ്ട 55 വര്‍ഷത്തെ സൗഹൃദത്തിന്റെ കഥ. തമിഴ്നാട്ടിലെ തെപ്പക്കാടുള്ള ആനക്യാമ്പിലെ മുതിര്‍ന്ന ആന മുത്തശിമാരാണ് ഇരുവരും. ഭാമയ്ക്ക് വയസ് 75 ആയി. കാമാച്ചിക്ക് 65ഉം. ഒരു പാത്രത്തില്‍ ഉണ്ട് ഒരു പായില്‍ കിടന്നുറങ്ങി എന്നു പറയുന്ന പോലെയാണ് ഇരുവരുടെയും സൗഹൃദം. ഐഎഫ്എസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു ആണ് ഭാമയുടെയും കാമാച്ചിയുടെയും ആത്മബന്ധത്തിന്റെ കഥ എക്സിലൂടെ പങ്കുവെച്ചത്. എവിടെ പോയാലും ഒരുമിച്ചാണ് നടക്കുക. ഭക്ഷണം കഴിക്കാനും അടുത്തത്തടുത്തേ നില്ക്കും. കരിമ്പാണ് ഇഷ്ട വിഭവം. എന്നാല്‍ ഒരാള്‍ക്ക് മാത്രം കിട്ടിയാല്‍ പോര, ഉണ്ടെങ്കില്‍ രണ്ടാള്‍ക്കും ഒരുപോലെ കൊടുക്കണം.
ഇതോടൊപ്പം ഇരുവരുടെയും വീരകഥകളില്‍ ചിലതും സുപ്രിയ പങ്കുവെക്കുന്നുണ്ട്. ഒരിക്കല്‍ ഭാമയുമായി പാപ്പാന് തിരു ഗോപാല്‍ കാട്ടില്‍ മേയാന്‍ കൊണ്ടുപോകുന്നതിനിടെ ഒരു പുള്ളിപ്പുലി ആക്രമിക്കാന്‍ ശ്രമിച്ചു. ഭാമ ഒറ്റയ്ക്കാണ് പുള്ളിപ്പുലിയെ നേരിട്ടത്. സമാനമായി ഒരു കാമാച്ചിക്ക് ഒരിക്കല്‍ ഒരു കൊമ്പന്റെ ആക്രമണത്തിന് ഇരയാകേണ്ടി വന്നു. പരിക്കേറ്റ കാമാച്ചിയുടെ മുറിവുകള്‍ വര്‍ഷങ്ങളെടുത്താണ് ഉണങ്ങിയത്. അവളുടെ ധീരതയാണ് അത് അതിജീവിക്കാന്‍ കാരണമെന്നും സുപ്രിയ പറയുന്നു.






