
ന്യൂഡല്‍ഹി: സിപിഎം നേതാവ് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി സംസ്ഥാന സര്‍ക്കാര്‍. കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ആറുപ്രതികളില്‍ അഞ്ചുപേരെയും ഹൈക്കോടതി വെറുതേ വിട്ടിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേസിലെ രണ്ടാംപ്രതി ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
1999 ഓഗസ്റ്റ് 25 നായിരുന്ന പി. ജയരാജനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിരുവോണദിവസം കിഴക്കേ കതിരൂരിലായിരുന്നു സംഭവം. ആക്രമണത്തില്‍ ജയരാജന്റെ കൈ വെട്ടിമാറ്റിയിരുന്നു. നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം തിരിച്ചുവന്നത്. തുടര്‍ന്ന് 2007 ല്‍ മൂന്ന് പേരെ വിട്ടയയ്ക്കുകയും ആറുപേര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകള്‍ പ്രോസിക്യൂഷന് നിരത്താനായില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ കൃത്യമായ തെളിവുകളും വ്യക്തമായ മൊഴികളും ഉണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു.
കുന്നിയില്‍ ഷനൂപ്, തൈക്കണ്ടി മോഹനന്, പാറ ശശി, ജയപ്രകാശന്‍, കണിച്ചേരി അജി, എളന്തോട്ടത്തില്‍ മനോജ്, കൊയ്യോന്‍ മനു എന്നിവരെ വെറുതെ വിട്ടതിനെതിരേയാണ് സര്‍ക്കാരിന്റെ അപ്പീല്‍. പ്രതിയായ പ്രശാന്തിന്റെ ചില കുറ്റങ്ങള്‍ റദ്ദാക്കിയതിന് എതിരേയും സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും 10 വര്‍ഷത്തെ കഠിനതടവ് ഒരു വര്‍ഷത്തെ സാധാരണ തടവായി കുറച്ചു. കേരളത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്.






