
രണ്ട് വര്‍ങ്ങള്‍ പിന്നിടുമ്പോഴും യുക്രൈനെതിരെയുള്ള റഷ്യയുടെ സൈനിക ആക്രമണം തുടരുകയാണ്. നിരവധി നാശനഷ്ങ്ങളാണ് ഇതിനോടകം യുക്രൈനുണ്ടായിരിക്കുന്നത്. ഇപ്പോഴിതാ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് യുക്രൈനിലെ 'ഹാരി പോട്ടര്‍ കോട്ട' എന്ന മനോഹര കെട്ടിടം. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി ബോംബ്ലെറ്റുകള്‍ പൊട്ടിത്തെറിക്കുന്നതും, തീജ്വാലകള്‍ കോണാകൃതിയിലുള്ള ഗോപുരങ്ങളെയും കോട്ടയുടെ മേല്‍ക്കൂരയെയും വിഴുങ്ങുന്നതും കാണാം.
ബിബിസി ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചപ്പോള്‍ ലോകമെമ്പാടു നിന്നും യുദ്ധത്തിനെതിരെ കുറിപ്പുകളെഴുതാന്‍ നിരവധി പേര് ഒത്തു ചേര്‍ന്നു. 'രണ്ടാം ലോകമഹായുദ്ധ സമയത്ത്, നിരവധി ചരിത്രപരമായ കെട്ടിടങ്ങള്‍ ബോംബാക്രമണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. എന്നാല്‍ തങ്ങളുടേതല്ലാത്ത ചരിത്രത്തില്‍ റഷ്യയ്ക്ക് താത്പര്യമില്ല.' ഒരു കാഴ്ചക്കാരനെഴുതി. 'എന്ത് തന്ത്രപരമായ നേട്ടമാണ് ഒരു കോട്ട തകര്‍ത്തത് കൊണ്ട് ലഭിക്കുന്നത്. എന്താണ് അടുത്തത് ഡിസ്നിലാന്റ്? മറ്റൊരു കാഴ്ചക്കാരന് കുറിച്ചു. ചിലര്‍ 'റഷ്യ നീണാള്‍ വാഴട്ടെ' എന്ന് കുറിച്ചു. മറ്റ് ചിലര്‍ യുദ്ധത്തിനുള്ള പണമൊഴുക്ക് തടയാനും അതുവഴി യുദ്ധം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. ചിലര്‍ യുക്രൈന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു. രാഷ്ട്രീയ ചൂതാട്ടത്തില്‍ മരിച്ച് വീഴുന്ന സാധാരണക്കാരെ ഓര്‍ത്ത് ചിലര്‍ വിലപിച്ചു.
മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേറ്റു. 20 ഓളം റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് കുട്ടികളും ഒരാള്‍ ഗര്‍ഭിണിയുമാണെന്ന് യുക്രൈന് പ്രോസിക്യൂട്ടര്‍ ജനറല്‍ ആന്‍ഡ്രി കോസ്റ്റിന് പറഞ്ഞു.
കോട്ടയിലെ താമസക്കാരനായ മുന്‍ എംപി സെര്‍ഹി കിവലോവിനും പരിക്കേറ്റു. ഇസ്കന്ദര്‍ ബാലിസ്റ്റിക് മിസൈലും ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളും റഷ്യ ഉപയോഗിച്ചതായി യുക്രൈന് ആരോപിച്ചു. യുദ്ധോപകരണങ്ങളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയ അന്താരാഷ്ട്രാ നിയമപ്രകാരം ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധത്തിലുടനീളം റഷ്യ മാരകമായ പല ആയുധങ്ങളും ഉപയോഗിക്കുന്നതായി യുക്രൈന് ആരോപിച്ചിരുന്നു.






