
കുടിയേറ്റത്തെ ഉൾക്കൊള്ളാൻ കഴിയാത്ത സെനോഫോബിക് സ്വഭാവം ജപ്പാനുമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ്-ജപ്പാൻ സഖ്യത്തെ പ്രശംസിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് ജപ്പാനെ സെനോഫോബിക് എന്ന് വിശേഷിപ്പിച്ച് ബൈഡൻ രംഗത്തെത്തിയത്.
സഖ്യകക്ഷിയായ ജപ്പാനെ വാഷിംഗ്ടൺ ഡിസിയിലെ ധനസമാഹരണ ചടങ്ങിലാണ് സെനോഫോബിക് എന്ന് വിളിച്ചത്. കുടിയേറ്റത്തെ സ്വാഗതം ചെയ്യുകയാണെങ്കിൽ ഇന്ത്യ, ചൈന, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് ഓഫ് ക്യാമറ പരിപാടിയിൽ പ്രസിഡൻ്റ് പറഞ്ഞു.
അമേരിക്കൻ സമ്പദ് വ്യവസ്ഥ വളരുന്നതിന്റെ പ്രധാന കാരണം കുടിയേറ്റത്തെ സ്വാഗതം ചെയ്യുന്നത് കൊണ്ടാണെന്നും ചൈന, ഇന്ത്യ, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സെനോഫോബിക് ആണെന്നും ബൈഡൻ പറഞ്ഞു. എന്നാൽ, വൈറ്റ് ഹൗസ് പിന്നീട് ഇന്ത്യയെ പട്ടികയിൽ നിന്ന് നീക്കി. ജപ്പാനെയും ഇന്ത്യയെയും സെനോഫോബിക് എന്ന് വിശേഷിപ്പിക്കുന്നതിലൂടെ വിശാലമായ കാര്യം പറയാനാണ് ബൈഡൻ ശ്രമിച്ചതെന്ന് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.






